ഭുവനേശ്വർ: ട്യൂഷൻ ഫീസിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥി ഒൻപതാം ക്ലാസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. ട്യൂഷനെടുക്കുന്ന അദ്ധ്യാപക ദമ്പതികളുടെ മകനെയാണ് പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തിയത്. ഒഡീഷയിലെ ജത്നിയിലെ ബെനപഞ്ജരി ഗ്രാമത്തിലാണ് സംഭവം. 5000 രൂപ ട്യൂഷൻ ഫീസ് അടയ്ക്കാൻ പറ്റാതിരുന്നതോടെ തന്റെ മാതാപിതാക്കളെ അദ്ധ്യാപകർ അപമാനിച്ചെന്നും ഇതിൽ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്ലസ് ടു വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.

ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തന്റെ മുറിയിലായിരിക്കെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ട്യൂഷനെടുക്കുന്ന തിരക്കിലായിരുന്നുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പ്രതീക് സിങ് പറഞ്ഞു. നിലവിളി കേട്ട് ദമ്പതികൾ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ മകൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ ഖുർദ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു സ്‌കൂൾ ബാഗ് കണ്ടെത്തി. അതിൽ സ്‌കൂൾ യൂണിഫോമും പുസ്തകങ്ങളും ഉണ്ടായിരുന്നു. ആ ബാഗിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞു. ചോദ്യംചെയ്യലിൽ പ്ലസ് ടു വിദ്യാർത്ഥി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.