റായ്പുർ: ഛത്തീസ്‌ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ട് ബിജെപി. അധികാരത്തിലെത്തിയാൽ ബിജെപി.യുടെ ഇരട്ട എൻജിൻ സർക്കാർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഛത്തീസ്‌ഗഢിനെ പൂർണവികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.

മോദി പ്രഭാവത്തിന്റെ പിൻബലത്തിൽ മത്സരത്തിനിറങ്ങുന്ന ബിജെപി.യുടെ പ്രകടനപത്രികയ്ക്കിട്ട പേര് മോദി കി ഗ്യാരന്റി 2023 എന്നാണ്. വിവാഹിതരായ എല്ലാ സ്ത്രീകൾക്കും പ്രതിവർഷം 12000 രൂപ വീതം നൽകുമെന്നും ദരിദ്രകുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചകവാതകമെത്തിക്കുമെന്നും ബിജെപി.വാഗ്ദാനം ചെയ്തു.

കൃഷി ഉന്നതി യോജന എന്ന പേരിൽ കാർഷികക്ഷേമ പദ്ധതി രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. പദ്ധതിയിലൂടെ ഒരേക്കറിൽ നിന്നുള്ള 21 ക്വിന്റൽ നെല്ല് 3100 രൂപയ്ക്ക് വീതം സർക്കാർ സംഭരിക്കുമെന്നും ഇതിൽ നിന്ന് ലഭിക്കുന്ന തുക കർഷകരിലേക്ക് തന്നെ മടക്കുമെന്നും പ്രകടനപത്രികയിലുണ്ട്. പെൺകുട്ടികൾക്ക് ബസിൽ സൗജന്യ യാത്ര, ഭൂരഹിതരായ കർഷകർക്ക് പ്രതിവർഷം പതിനായിരം രൂപ വീതം നൽകുമെന്നും ബിജെപി. വാഗ്ദാനം നൽകുന്നു.

കോൺഗ്രസ് കാർഷികവായ്പ എഴുതിത്ത്തള്ളിയതിന് പകരമായി ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബിജെപി. പുറത്തിറക്കിയത് വെറും തിരഞ്ഞെടുപ്പ് പ്രകടനപത്രികയല്ലെന്നും മറിച്ച് വിശ്വാസത്തിന്റെ കത്താണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ജാതി സെൻസസിനു ബിജെപി എതിരല്ലെന്ന് അമിത്ഷാ പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷം ജാതി സെൻസസിന്റെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. വോട്ടിനു വേണ്ടിയല്ലെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നാണ് ബിജെപിയുടെ നിലപാടെന്നും അമിത് ഷാ പറഞ്ഞു.

രാജസ്ഥാനിൽ ബിജെപി രണ്ട് സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇനി 16 സ്ഥാനാർത്ഥികളെ കൂടിയാണ് പ്രഖ്യാപിക്കേണ്ടത്. കോൺഗ്രസിന് 44 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കേണ്ടതുണ്ട്.

അതേസമയം വൈ.എസ്.ആർ.ടി.പി തെലങ്കാന തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആന്ധ്ര മുന്മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മകൾ വൈ.എസ് ശർമിള അറിയിച്ചു . കോൺഗ്രസിന് ലഭിക്കാനുള്ള വോട്ടുകൾ ചിതറി പോകാതിരിക്കാനാണ് മാറി നിൽക്കൽ. പിന്തുണ പ്രഖ്യാപിച്ചു രാഹുൽ ഗാന്ധിക്ക് ഊർമിള കത്തയച്ചു.