ന്യൂഡൽഹി: ഡൽഹി എയിംസിൽ ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ ആഴത്തിൽ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്തു. രക്തസ്രാവത്തോടുകൂടിയ ചുമയെ തുടർന്നാണ് അപകടകരമായ ആരോഗ്യസ്ഥിതിയിൽ കുട്ടിയെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേകമായി നിർമ്മിച്ചെടുത്ത ഉപകരണം ഉപയോഗിച്ചാണ് കാന്തത്തിന്റെ സഹായത്തോടെ നീക്കം ചെയ്തത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

കുട്ടിക്ക് ആദ്യം കടുത്ത പനി ബാധിച്ചു. പിന്നാലെ രക്തം ഛർദിച്ചു. ഇതോടെ കുട്ടിയെ മാതാപിതാക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്‌സ്‌റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ സൂചി കണ്ടെത്തി. ഇതോടെ കുട്ടിയെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു.

റേഡിയോളജി പരിശോധനയിൽ നാല് സെന്റീമീറ്റർ നീളമുള്ള തയ്യൽ സൂചി ഇടതുശ്വാസകോശത്തിൽ തറച്ചിട്ടുള്ളതായി കണ്ടെത്തിയെന്ന് ശിശുരോഗ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. വിഷേഷ് ജെയ്ൻ പി.ടി.ഐയോട് പറഞ്ഞു.

കുട്ടിയുടെ ഇടത് ശ്വാസകോശത്തിലാണ് സൂചി കണ്ടെത്തിയത്. എങ്ങനെയാണ് സൂചി ശ്വാസകോശത്തിൽ എത്തിയതെന്ന് വ്യക്തമല്ല. എയിംസിലെ പീഡിയാട്രിക് വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ. വിശേഷ് ജെയിൻ പറഞ്ഞത് പൊതുവെ ബ്രോങ്കോസ്‌കോപ്പി വഴിയാണ് ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാറ് എന്നാണ്. സൂചി ശ്വാസകോശത്തിൽ ആഴത്തിൽ തറച്ചതിനാൽ ഈ രീതി പ്രായോഗികമായിരുന്നില്ല. തുടർന്നാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാൻ തീരുമാനിച്ചത്.

സൂചി ശ്വാസകോശത്തിൽ വളരെ ആഴത്തിൽ തറച്ചിരുന്നതിനാൽ പരമ്പരാഗത ചികിത്സാ രീതികൾ ഫലപ്രദമല്ലെന്ന് മനസ്സിലായി. തുടർന്ന് സൂചി സുരക്ഷിതമായി വേർതിരിച്ചെടുക്കുന്നതിന് നൂതന രീതി അവലംബിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. ദേവേന്ദ്ര യാദവ് പറഞ്ഞു. തുടർന്ന് സൂക്ഷ്മമായ ആസൂത്രണത്തിലൂടെ കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാമെന്ന ധാരണയിലെത്തി. കാന്തത്തെ സുരക്ഷിതമായി സൂചിയുടെ സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു പ്രാഥമിക ഘട്ടം. ഇതിന് ഒരു പ്രത്യേക ഉപകരണം നിർമ്മിച്ചെടുത്തു.

ശ്വാസനാളത്തിന്റെ എൻഡോസ്‌കോപ്പി ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിലെ സൂചിയുടെ സ്ഥാനം വിലയിരുത്തി. സൂചിയുടെ അഗ്രം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ശ്രദ്ധാപൂർവ്വം കാന്തം സ്ഥാപിച്ച ഉപകരണം കടത്തിവിട്ടു. സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും ഉയർന്നുവരുകയും ചെയ്തു. വിജയകരമായി സൂചി വേർതിരിച്ചതായി ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ഉള്ളിൽ സൂചി എങ്ങനെയെത്തിയെന്ന് കുടുംബത്തിന് വ്യക്തമല്ലെന്നും എയിംസ് അധികൃതർ പറഞ്ഞു.

ഈ കാന്തം ലഭ്യമല്ലായിരുന്നുവെങ്കിൽ കുട്ടിക്ക് ഓപ്പൺ ഹാർട്ട് സർജറി ആവശ്യമായി വരുമായിരുന്നുവെന്ന് ഡോ. ജെയിൻ പറഞ്ഞു. 4 എം എം വീതിയും 1.5 എം എം കനവുമുള്ള കാന്തമാണ് ഉപയോഗിച്ചത്. സൂചി സുരക്ഷിതമായി പുറത്തെടുത്തു. കുട്ടി സുഖമായി ഇരിക്കുന്നുവെന്നും ഡിസ്ചാർജ് ചെയ്‌തെന്നും ഡോക്ടർമാർ പറഞ്ഞു.