ന്യൂഡൽഹി: തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനം അതീവ ഗൗരവത്തോടെ കാണണമെന്ന് സുപ്രീം കോടതി. പീഡനം നടത്തിയ വ്യക്തി ശിക്ഷിക്കപ്പെടാതെ പോകുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടികാട്ടി. എല്ലാ കോടതികളും ഗൗരവത്തോടെ കാണണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം.

ഉത്തർപ്രദേശിൽ നിന്നുമുള്ള ഒരു കേസിൽ ഹൈക്കോടതി ആരോപണവിധേയനായ വ്യക്തിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് ഇത്തരത്തിലൊരു സുപ്രധാന നിരീക്ഷണം ഉണ്ടായത്. തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ വളരെ ഗൗരവത്തിൽ കണക്കിലെടുക്കേണ്ടതാണെന്നും എല്ലാ കോടതികളും ഈ കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.