ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ നിയസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിൽ ഒരു ജവാന് പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്.

കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൂറിലധികം രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ വർധിപ്പിച്ചു.

വാശിയേറിയ പ്രചാരണത്തിന് പിന്നാലെയാണ് ഛത്തീസ്‌ഗഢിലെ ഇരുപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തർ, ദന്തേവാഡ, സുക്മ, ബീജാപൂർ, കാങ്കീർ, രാജ്‌നന്ദഗാവ് നാരായൺപൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുന്നതെന്നതിനാൽ, അർദ്ധ സൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളിൽ പൂർണ്ണമായും വിന്യസിച്ചിരിക്കുകയാണ്.

പ്രശ്‌നബാധിതമായ അറുനൂറ് പോളിങ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം സുരക്ഷക്ക് ഉപയോഗിക്കുന്നുണ്ട്. ഛത്തീസ്‌ഗഢിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി ഇരുപതിൽ പതിനാല് സീറ്റു നേടുമെന്ന് മുൻ മുഖ്യമന്ത്രി ഡോ.രമൺ സിങ് അവകാശപ്പെട്ടു. ഛത്തീസ്‌ഗഢിൽ ബിജെപിക്ക് വിജയം നുറുശതമാനം ഉറപ്പാണെന്നും രമൺ സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ബിജെപി അധികാരത്തിൽ എത്തിയാൽ ആരാണ് മുഖ്യമന്ത്രിയെന്ന് എംഎൽഎമാർ തീരുമാനിക്കുമെന്നും ഞാൻ മുഖ്യമന്ത്രിയാകുമോയെന്നതിൽ ഇപ്പോൾ തീരുമാനമില്ലെന്നും
രമൺ സിങ് വിശദീകരിച്ചു.

സംസ്ഥാന രൂപീകരണത്തിന് ശേഷം പതിനഞ്ച് വർഷം ബിജെപിയെ നയിച്ച രമൺസിങ്ങിന് അടിപതറിയത് 2018 ൽ ഭൂപേഷ് ബാഗേലിന് മുന്നിലായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം വൈകിയാണെങ്കിലും രമൺ സിങ്ങിനെ തന്നെ മുഖമാക്കിയാണ് ബിജെപി ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ബിജെപിക്കെതിരെ ജനവികാരമുണ്ട് എന്ന സർവ്വെ ഫലങ്ങൾ രമൺസിങ് തള്ളിക്കളഞ്ഞു.