ഭോപ്പാൽ: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിക്ക് കിട്ടിയ ബൊക്കെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ കോൺഗ്രസ് റാലിക്കിടെയാണ് രസകരമായ സംഭവം. ഇതിന്റെ വീഡിയോ പ്രിയങ്ക തന്നെയാണ് 'എക്സി'ൽ പങ്കുവെച്ചത്.

വേദിയിൽ നേതാക്കളുമായി ഫോട്ടോയ്ക്ക് പോസുചെയ്യുകയായിരുന്ന പ്രിയങ്കയ്ക്കരിലേക്ക് മറ്റൊരു നേതാവ് ഇടിച്ചുകയറി കടന്നുവരുന്നു. ഇദ്ദേഹത്തിന്റെ കൈയിൽ ഒരു ബൊക്കെയും ഉണ്ടായിരുന്നു. പ്രിയങ്ക വേഗം അയാളിൽനിന്ന് ബൊക്കെ സ്വീകരിച്ചു. പിന്നീടാണ് ട്വിസ്റ്റ്. ബൊക്കയിൽ പൂവില്ല, ഉള്ളിൽ മുഴുവൻ 'ശൂന്യത'. ഇതുകണ്ടതോടെ പ്രിയങ്കയ്ക്ക് ചിരിപ്പൊട്ടി. ചുറ്റുംനിന്നവരും ചിരിതുടങ്ങി. 'ഇതിൽ ഒന്നും ഇല്ലല്ലോ' എന്ന മട്ടിൽ ബൊക്കെ ചൂണ്ടി പ്രിയങ്ക നേതാവിനോട് പറയുന്നതും വീഡിയോയിൽ കാണാം.

പൂവില്ലാത്ത ബൊക്കെയാണ് താൻ നൽകിയതെന്നറിഞ്ഞതോട നേതാവും അൽപം ചമ്മലോടെ ചിരിയിൽ പങ്കാളിയായി. തിരഞ്ഞടുപ്പ് ചൂടിനിടെ കിട്ടിയ തമാശ ആയതിനാലാവാം പ്രിയങ്കയ്ക്ക് ചിരി നിർത്താനും കഴിഞ്ഞില്ല.

പക്ഷെ, കാലിബൊക്കെ നൽകിയിട്ടും ഒട്ടും കൂസലില്ലാതെ ഫോട്ടോഗ്രാഫറോട് ഒരു പടമെടുത്തുതരാൻ നേതാവ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. 'പടമെടുത്തു', എന്ന മറുപടിയോടെ ഫോട്ടോഗ്രാഫർ അദ്ദേഹത്തെ വേദിയിൽനിന്ന് പറഞ്ഞയക്കുന്നുമുണ്ട്. എന്നാൽ പൂവില്ലാത്ത ബൊക്കെ നൽകിയ ആളെപ്പോലെ ഫോട്ടോഗ്രാഫറും അദ്ദേഹത്തെ പറ്റിച്ചു. പൂവുമില്ലാ പടവുമില്ലാ. അതേസമയം, കോൺഗ്രസിനെതിരെ ബിജെപി സാമൂഹ്യമാധ്യമങ്ങളിൽ ഇതും പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.