പട്‌ന: ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച ചർച്ചയ്ക്കിടെ നിയമസഭയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ സഖ്യത്തിൽ നിന്നടക്കം രൂക്ഷ വിമർശനമുയർന്നതിനെ തുടർന്നാണ് പ്രസ്താവന പിൻവലിച്ച് നിതീഷ് കുമാർ മാപ്പ് പറഞ്ഞത്. നിതീഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

ആംഗ്യ വിക്ഷേപങ്ങളോടെ നിയമസഭയിൽ ജനസംഖ്യ നിയന്ത്രണ ചർച്ചക്കിടെ നടത്തിയ പ്രസ്താവനയിലാണ് നിതീഷ് കുമാർ പുലിവാല് പിടിച്ചത്. വിദ്യാഭ്യാസമുള്ളവരും, അല്ലാത്തവരുമായ സ്ത്രീകളെ താരതമ്യം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പദവി മറന്നത്.

വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് സന്താന നിയന്ത്രണത്തിനുള്ള ലൈംഗിക ബന്ധ രീതികൾ അറിയാം. അതുകൊണ്ട് അവരുടെ കാര്യത്തിൽ ആശങ്കയില്ല. ബിഹാറിലെ ജനനനിരക്ക് കുറഞ്ഞതിന്റെ കാരണവും മറ്റൊന്നല്ലെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ഭരണപക്ഷ എംഎൽഎമാർ മുഖ്യമന്ത്രിയെ പ്രോത്സാഹിപ്പിക്കുന്നതും പുറത്ത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ വ്യാപക വിമർശനം മുഖ്യമന്ത്രിക്കെതിരെ ഉയർന്നു.

മാപ്പ് ആവശ്യപ്പെട്ട ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖശർമ്മ ഈ നിലപാടുള്ള മുഖ്യമന്ത്രി ഭരിക്കുന്ന ബിഹാറിലെ ജനങ്ങളുടെ കാര്യമോർത്ത് ആശങ്ക തോന്നുന്നുവെന്നും പ്രതികരിച്ചു. പ്രതിപക്ഷ സഖ്യത്തിലെ ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ടു. സഖ്യത്തിലെ പ്രധാന കക്ഷി നേതാക്കളും നിതീഷിനോട് സംസാരിച്ചു. തുടർന്ന് ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കുന്നവെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞ് വിവാദത്തിൽ നിന്ന് നിതീഷ് കുമാർ തലയൂരുകയായിരുന്നു. ബിജെപി അംഗങ്ങളടക്കം നിയമസഭയിൽ വലിയ പ്രതിഷേധമുയർത്തിയതിനിടയായിരുന്നു മാപ്പപേക്ഷ.