കോയമ്പത്തൂർ: മുൻ കാമുകിയുടെ വ്യാജ നഗ്‌നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചെന്ന കേസിൽ മലയാളി ബൈക്ക് റേസർ അറസ്റ്റിൽ. തൃശ്ശൂർ പഴൂക്കര സ്വദേശിയായ ആൾഡ്രിൻ ബാബു(24)വിനെയാണ് കോയമ്പത്തൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.

കഴിഞ്ഞയാഴ്ചയാണ് മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് യുവതിക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുകിട്ടിയത്. തുടർന്ന് യുവതി പരാതി നൽകുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

കോയമ്പത്തൂർ സ്വദേശിനിയായ മുൻ കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ നഗ്‌നചിത്രങ്ങളാക്കിയാണ് പ്രതി ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

ആൾഡ്രിൻ ബാബുവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നെന്നും രണ്ടുവർഷം മുൻപാണ് യുവതി ബന്ധത്തിൽനിന്ന് പിന്മാറിയതെന്നും പൊലീസ് പറഞ്ഞു. ഇരുവർക്കുമിടയിലുണ്ടായ ചില തെറ്റിദ്ധാരണകളെ തുടർന്നാണ് ബന്ധത്തിൽ വിള്ളലുണ്ടായത്. എന്നാൽ, ബന്ധം തുടരണമെന്നായിരുന്നു ആൾഡ്രിന്റെ ആവശ്യം. യുവതി ഇതിന് തയ്യാറായില്ല. ഇതോടെയാണ് പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചത്.

ഒക്ടോബർ 30-നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിലടച്ചതായും പൊലീസ് പറഞ്ഞു. പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്റെ എതിർപ്പിനെത്തുടർന്ന് കോടതി ജാമ്യാപേക്ഷ തള്ളിയതായും പൊലീസ് പറഞ്ഞു.