ബെംഗളൂരു: വിമാനയാത്രക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 52 കാരൻ അറസ്റ്റിൽ. യുഎസിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താൻസ വിമാനത്തിലാണ് സംഭവം. 52 കാരനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. നവംബർ ആറിനാണ് സംഭവം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിനിയായ 32 കാരിയാണ് പരാതിക്കാരി. യുവതി ഉറങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു.

യുവതി ഉറങ്ങുമ്പോൾ അടുത്ത സീറ്റിലിരുന്ന 52കാരൻ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. അതിക്രമം തുടർന്നപ്പോൾ യുവതി ഫ്‌ളൈറ്റ് അറ്റൻഡന്റിനെ വിളിച്ച് പരാതിപ്പെട്ടു. ഇയാളുടെ നിരന്തരമായ ശല്യം കാരണം സീറ്റ് മാറ്റിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു. വിമാനം ബെംഗളൂരുവിൽ എത്തിയയുടൻ യുവതി കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.