- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അശോക് ഗെലോട്ടിന്റെ വിശ്വസ്തനും പാർട്ടി വിട്ട് ബിജെപിയിൽ; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും നേതൃനിരയിൽ കൊഴിഞ്ഞുപോക്ക്; രാജസ്ഥാനിൽ കോൺഗ്രസിന് പ്രതിസന്ധി
ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസിന്റെ നേതൃനിരയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനും മുൻ ജോധ്പുർ മേയറുമായ രാമേശ്വർ ദാദിച്ച് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.
ദൗസ ജില്ലയിലെ മുൻ സില പ്രമുഖും കോൺഗ്രസ് നേതാവുമായിരുന്ന വിനോദ് ശർമ്മയും ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, രാജസ്ഥാനിൽ പാർട്ടി ചുമതലയുള്ള വിജയ് റാഹത്കർ, രാജേന്ദ്ര ഗെഹ്ലോത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിൽ ചേർന്നത്.
'അടിയുറച്ച തീരുമാനമെടുക്കാനുള്ള മോദിയുടെ കഴിവാണ് ബിജെപിയിൽ ചേരാൻ പ്രചോദനമായത്. അദ്ദേഹം ചെയ്തുവരുന്ന പ്രവൃത്തികൾ അങ്ങേയറ്റം മതിപ്പുളവാക്കുന്നതാണ്. മോദി പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിൽ അയോധ്യയിലെ രാമക്ഷേത്രം യാഥാർഥ്യമാകില്ലായിരുന്നു' - ബിജെപിയിൽ ചേർന്നതിന് പിന്നാലെ ദാദിച്ച് പറഞ്ഞു.
കോൺഗ്രസിൽ നിന്നും മറ്റുള്ള പാർട്ടികളിൽ നിന്നും നേതാക്കൾ ബിജെപിയിലേക്ക് എത്തുകയാണെന്നും വ്യാജ വാഗ്ദാനങ്ങളുടെ പേരിൽ മറ്റു പാർട്ടികളിലുള്ള പലരും അസ്വസ്ഥരാണെന്നും ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞു.
കോൺഗ്രസ് മുൻ എംഎൽഎ.മാരായ ചന്ദ്രശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ മേയർ ജ്യോതി ഖണ്ഡേൽവാൾ എന്നിവരുൾപ്പെടെ ഒട്ടേറെ നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മുൻ ധനമന്ത്രി ചന്ദന്മൽ ബൈദിന്റെ മകനാണ് ചന്ദ്രശേഖർ. മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനാണ് ഖണ്ഡേൽവാൾ. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗെലോട്ടിന്റെ വിശ്വസ്തനടക്കം ബിജെപി പാളയത്തിൽ എത്തിയിരിക്കുന്നത്.