ന്യൂഡൽഹി: വായുമലിനീകരണത്തിൽ ഡൽഹി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും സുപ്രീം കോടതി. ഡൽഹി സർക്കാർ ഒറ്റ, ഇരട്ട നമ്പർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചോദ്യംചെയ്ത കോടതി അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടനുസരിച്ച് ഒറ്റ, ഇരട്ട നിയമം മലിനീകരണം നിയന്ത്രിക്കാൻ സഹായിക്കില്ലെന്ന് വ്യക്തമാക്കി. ചെറിയൊരു മാറ്റം മാത്രമേ സാധ്യമാകൂവെന്നും ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വൈക്കോൽ കത്തിക്കുന്നത് നിർത്തിവെക്കണമെന്നും സുപ്രീകോടതി നിർദേശിച്ചു. 'ഞങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശം, നിങ്ങൾക്കു വേണ്ടരീതിയിൽ നടപ്പിലാക്കാം. പക്ഷേ, വൈക്കോൽ കത്തിക്കുന്നത് നിർബന്ധമായും നിർത്തിവെക്കണം. ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കണം. ഒന്നും ചെയ്യാതെ ഒടുവിൽ കോടതിയുടെ ചുമലിൽ ചാരരുത്', സുപ്രീകോടതി വ്യക്തമാക്കി.

'വൈക്കോൽ കത്തിക്കുന്നത് നിർത്തലാക്കണം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടണം. ഇത് എങ്ങനെ നേടിയെടുക്കാമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്', സുപ്രീം കോടതി സർക്കാരിനോട് നിർദേശിച്ചു. 'അതേസമയം, കർഷകരും സമൂഹത്തിന്റെ ഭാഗമാണ്. അവർ കൂടുതൽ ഉത്തരവാദിത്വമുള്ളവരായിരിക്കണം. അവരുടെ ആവശ്യം നിറവേറ്റാൻ നമ്മളും കൂടുതൽ ശ്രദ്ധിക്കണം. പക്ഷേ, ആളുകളുടെ മരണത്തിനിടയാക്കരുത്', കോടതി പറഞ്ഞു.

പഞ്ചാബിലൊക്കെ കർഷകർ സംഘടിതരാണ്. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ ഈക്കാര്യം അവരുടെ സംഘടനകൾക്കുമുന്നിൽ അവതരിപ്പിക്കാത്തതെന്നും കോടതി ചോദിച്ചു. ഡൽഹിയിലെ മലിനീകരണത്തോത് നിർബന്ധമായും കുറയ്ക്കണം. അത് നാളേക്ക് മാറ്റിവെയ്ക്കാനാവില്ല. ആളുകളുടെ പ്രാർത്ഥന ദൈവം കേട്ടതുകൊണ്ടാവും മഴ പെയ്തതെന്നും അതിന് സർക്കാറിനോട് നന്ദി പറയേണ്ടെന്നും കോടതി പറഞ്ഞു. നവംബർ 21-ന് ഹർജി വീണ്ടും പരിഗണിക്കും.