ന്യൂഡൽഹി: രാജ്യത്തിനുവേണ്ടി ഇന്ത്യയിലെ യുവജനങ്ങൾ നിർബന്ധമായും ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യണമെന്ന നാരായണ മൂർത്തിയുടെ നിർദേശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. മൂർത്തിയുടെ നിർദേശത്തിൽ തെറ്റായൊന്നും താൻ കാണുന്നില്ലെന്നും തന്നെപ്പോലെയുള്ള പല പൊതുപ്രവർത്തകരും ദിവസേന 12-15 മണിക്കൂർ വരെ ജോലി ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കമ്പനികളുടെ സിഇഒ.മാരും മൂർത്തിയുടെ നിർദേശത്തെ പിന്തുണച്ചിരുന്നു.

'70 മണിക്കൂർ ജോലി എന്ന നിർദേശത്തെ തുടർന്നുള്ള കോലാഹലങ്ങൾ എനിക്കു മനസിലാകുന്നില്ല. എന്താണ് ഇതിൽ കുഴപ്പം? ഇന്ത്യ വലിയ ശക്തിയായി മാറണമെങ്കിൽ ഒന്നോ രണ്ടോ തലമുറ നിർബന്ധമായും ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം', അദ്ദേഹം പറഞ്ഞു.

'ഒരു ഓഫ് അടക്കം ആഴ്ചയിൽ 70 മണിക്കൂർ പ്രവൃത്തിസമയവും ഒരു വർഷത്തിൽ 15 അവധിയും എന്നത് നിയമമാക്കണം. ഞാൻ അവസാനമായി എന്നാണ് ഒരു ഓഫ് എടുത്തതെന്ന് എനിക്കുതന്നെ ഓർമ്മയില്ല', തീവാരി പറഞ്ഞു.

രാജ്യത്തിനുവേണ്ടി ഇന്ത്യയിലെ യുവജനങ്ങൾ നിർബന്ധമായും ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യണമെന്നായിരുന്നു നാരായണ മൂർത്തി നിർദേശിച്ചത്. 'ഇന്ത്യയുടെ തൊഴിൽ ഉത്പാദനക്ഷമത ലോകത്തുതന്നെ ഏറ്റവും കുറവാണ്. ഇത് വർധിപ്പിച്ചില്ലെങ്കിൽ വലിയ പുരോഗതിയുള്ള മറ്റു രാജ്യങ്ങളുമായി നമ്മുക്ക് മത്സരിക്കാനാവില്ല', അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ജോലിസമയം കൂട്ടുന്നതിനനുസരിച്ച് വേതനവും വർധിപ്പിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ജെ.എസ്.ഡബ്ലു ചെയർമാൻ സാജ്ജൻ ജിൻഡൽ അടക്കമുള്ളവർ നിർദേശത്തെ എതിർക്കുകയും ചെയ്തിരുന്നു.