ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യുമടക്കം (ഓവർ ദ ടോപ്) നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ. ഉള്ളടക്കത്തിലെ സ്വയംനിയന്ത്രണം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബ്രോഡ്കാസ്റ്റിങ് സേവനബില്ലിന്റെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി.

1995-ലെ കേബിൾ ടെലിവിഷൻ ശൃംഖലാ നിയന്ത്രണനിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിങ് സർവീസസ് (നിയന്ത്രണ) ബില്ലിന്റെ കരട് പുറത്തിറക്കിയത്. അടുത്തമാസത്തിനകം ബില്ലിൽ പൊതുജനങ്ങൾക്കുൾപ്പെടെ അഭിപ്രായവും നിർദേശവുമറിയിക്കാം.

കാലപ്പഴക്കമുള്ള നിയമങ്ങളും ചട്ടങ്ങളും മാർഗരേഖകളും മാറ്റുകയും നിയന്ത്രണസംവിധാനങ്ങൾ ആധുനികവത്കരിക്കുകയുമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വാർത്താപ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഒ.ടി.ടി., ഡിജിറ്റൽ മാധ്യമം, ഡി.ടി.എച്ച്., ഐ.പി.ടി.വി. തുടങ്ങിയവയെക്കൂടി ഉൾപ്പെടുത്തുന്നതാണ് ബില്ല്.

ഉള്ളടക്കവിലയിരുത്തൽ സമിതിയെ വെച്ചുകൊണ്ട് സംപ്രേഷകർതന്നെ സ്വയംനിയന്ത്രണം ശക്തിപ്പെടുത്താനുള്ള വകുപ്പുകൾ ബില്ലിലുണ്ട്. പരിപാടികളുടെയും പരസ്യങ്ങളുടെയും ചട്ടംസംബന്ധിച്ച് സർക്കാരിന് ഉപദേശം നൽകാൻ ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗൺസിലുമുണ്ടാകും. ഉദ്യോഗസ്ഥർക്കുപുറമേ വിഷയവിദഗ്ധരും പ്രമുഖരും കൗൺസിലിലുണ്ടാകും. നിലവിൽ ഉദ്യോഗസ്ഥർമാത്രമുള്ള ഇന്റർ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റിക്ക് പകരമാണിത്.

ചട്ടം ലംഘിക്കുന്ന അംഗങ്ങൾക്ക് പിഴയും അല്ലാതെയുമുള്ള ശിക്ഷ വിധിക്കാൻ സ്വയംനിയന്ത്രണ സംവിധാനങ്ങൾക്ക് ശക്തിനൽകുന്നതാണ് ബില്ല്. വളരെ ഗുരുതരമായ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷയും പറയുന്നുണ്ട്.