ശ്രീനഗർ: പുൽവാമയിലെ പരിഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പരിഗാമി മേഖലയിൽ ഒരു സംഘം ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. ഇതോടെ ജമ്മുകശ്മീർ പൊലീസും സൈനികരും ചേർന്ന് ഈ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.

ഭീകരരെ തുരത്തുന്നതിനായി പരിഗാമിയിൽ പൊലീസും സുരക്ഷാ സേനയും ചേർന്ന് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചതായി കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. പരിഗാമിയിൽ ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതോടെ പൊലീസും സൈന്യവും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്‌പ്പുണ്ടായി. ഇതോടെ തിരച്ചിൽ ശക്തമാക്കുകയായിരുന്നു. ഏറ്റുമുട്ടൽ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു.