ന്യൂഡൽഹി: പരമ്പരാഗത സ്വയംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കായുള്ള കേന്ദ്രസർക്കാരിന്റെ 'പിഎം വിശ്വകർമ പദ്ധതി' ആരംഭിച്ച് രണ്ട് മാസമാകുമ്പോൾ അപേക്ഷകരുടെ എണ്ണം 14.06 ലക്ഷമായി. 38,647 പേരുടെ ആദ്യവട്ട പരിശോധനയും 4298 പേരുടെ രണ്ടാം ഘട്ട പരിശോധനയും കഴിഞ്ഞു. 151 പേർ വിജയകരമായി നടപടികൾ പൂർത്തിയാക്കി.

5% പലിശയിൽ 3 ലക്ഷം രൂപവരെ ഈടില്ലാത്ത വായ്പയടക്കം നൽകുന്നതാണ് പദ്ധതി. യഥാർഥ പലിശ 13% ആണെങ്കിലും 8% സർക്കാരാണ് വഹിക്കുന്നത്. 57 ദിവസത്തെ നൈപുണ്യ പരിശീലനം കഴിഞ്ഞാൽ ഒരു ലക്ഷം രൂപ അനുവദിക്കും. 18 മാസം കൊണ്ട് തിരിച്ചടയ്ക്കുന്ന മുറയ്ക്ക് 2 ലക്ഷം രൂപ കൂടി ലഭിക്കും. ഇത് 30 മാസം കൊണ്ട് തിരിച്ചടയ്ക്കണം.

വായ്പയ്ക്കു പുറമേ തൊഴിലുപകരണങ്ങൾ വാങ്ങാൻ 15,000 രൂപയുടെ വൗച്ചർ, നൈപുണ്യ പരിശീലനം, സ്‌റ്റൈപൻഡ് അടക്കമുള്ളവ ലഭിക്കും. അടുത്തുള്ള കോമൺ സർവീസ് സെന്ററുകൾ വഴിയോ pmvishwakarma.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ടോ രജിസ്റ്റർ ചെയ്യാം.