മംഗളൂരു: നഴ്‌സിങ് പരിശീലനത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ ഗവ. നഴ്‌സുമാർക്കുള്ള പാർപ്പിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വനിത നഴ്‌സ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചിക്കമംഗളൂരു കുപ്പളു മൊറാർജി റസിഡൻഷ്യൽ സ്‌കൂൾ അന്തേവാസികളായ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ ആരോഗ്യ മിഷൻ നഴ്‌സ് ചന്ദന (26), കാമുകൻ വിനയ് കുമാർ (26), റസിഡൻഷ്യൽ സ്‌കൂൾ താൽക്കാലിക ജീവനക്കാരൻ കെ. സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളോട് നഴ്‌സിങ് പരിശീലനം കഴിഞ്ഞാൽ എളുപ്പം ജോലികിട്ടുമെന്ന് പറഞ്ഞ് സുരേഷാണ് പ്രലോഭിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് നഴ്‌സിങ് പരിശീലനത്തിന് അയക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു. ചന്ദനയുടെ ക്വാർട്ടേഴ്‌സിൽ എത്തിച്ച കുട്ടികളെ ലഹരിവസ്തുക്കൾ നൽകി മയക്കിക്കിടത്തിയ ശേഷമായിരുന്നു ലൈംഗികാതിക്രമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന താരികെരെ ഡിവൈ.എസ്‌പി ഹാലമൂർത്തി റാവു 'മാധ്യമ'ത്തോട് പറഞ്ഞു.

സ്‌കൂൾ പ്രിൻസിപ്പലിന്റെ പരാതിയിൽ പ്രതികളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പിന്നീട് ചിക്കമംഗളൂരു ജയിലിൽ റിമാൻഡ് ചെയ്തു. അറസ്റ്റിലായ നഴ്‌സുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ ഇത്തരം സംഭവങ്ങൾ ഉണ്ടായോ എന്ന കാര്യം അന്വേഷിക്കും. അറസ്റ്റിലായ ചന്ദന ഗർഭിണിയാണ്. ഇവരുടെ മൊഴി അനുസരിച്ചാണ് മറ്റു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് ഡിവൈ.എസ്‌പി പറഞ്ഞു.