ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള ഭാര്യയെ കാണാൻ പൊലീസിന്റെ അകമ്പടിയോടെ എത്തിയ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഭാര്യയെ ചേർത്തുപിടിക്കുന്ന മനീഷ് സിസോദിയയുടെ ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച അരവിന്ദ് കേജ്‌രിവാൾ, വേദന നിറഞ്ഞ ചിത്രമെന്ന് അതിനൊപ്പം കുറിച്ചു. രാജ്യത്തെ പാവപ്പെട്ട കുഞ്ഞുങ്ങൾക്കു പ്രതീക്ഷ പകർന്ന വ്യക്തിയോട് അനീതി ചെയ്യുന്നത് ശരിയാണോയെന്നും കേജ്‌രിവാൾ ചോദിച്ചു.

രോഗിയായ ഭാര്യ സീമയെ സന്ദർശിക്കുന്നതിനായി കോടതി അനുവദിച്ചതോടെയാണ്, തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മനീഷ് സിസോദിയ ശനിയാഴ്ച സ്വവസതിയിലെത്തിയത്. ജയിൽ വാഹനത്തിൽ മധുര റോഡിലുള്ള വീട്ടിൽ രാവിലെ 10 മണിയോടെയാണ് സിസോദിയ എത്തിയത്. വൈകിട്ട് നാലു മണിയോടെ ജയിലിലേക്കു മടങ്ങി.

ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് നാലു വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഭാര്യയെ കാണാനാണു ഡൽഹി കോടതി വെള്ളിയാഴ്ച മനീഷ് സിസോദിയയ്ക്ക് അനുമതി നൽകിയത്. വീടിനു മുൻപിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് മനീഷ് സിസോദിയ പ്രതികരിച്ചില്ല. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ സിസോദിയ, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.