ധൻബാദ്: യാത്രയ്ക്കിടെ റെയിൽവെ ട്രാക്കിലെ ഇലക്ട്രിക് ലൈൻ പൊട്ടി വീണതിനെ തുടർന്ന് ട്രെയിൻ എമർജൻസി ബ്രേക്കിട്ടതിന്റെ ആഘാതത്തിൽ രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. ഝാർഖണ്ഡിലെ കൊദെർമ ജില്ലയിലാണ് സംഭവം. ഉച്ചയ്ക്ക് 12.05ഓടെയായിരുന്നു സംഭവം. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതായി ഈസ്റ്റ് സെൻട്രൽ റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു.

കൊദെർമ - ഗോമോഗ് റെയിൽവെ സ്റ്റേഷനുകൾക്ക് ഇടയിൽ പ്രസാബാദ് എന്ന സ്ഥലത്തിന് സമീപത്തായിരുന്നു അപകടം. പുരിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന പുരുഷോത്തം എക്സ്‌പ്രസിന് മുകളിലേക്കാണ് റെയിൽവെ ട്രാക്കിലെ ഓവർഹെഡ് വൈദ്യുതി ലൈൻ പൊട്ടി വീണതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു.

ലൈൻ പൊട്ടിയതിന് പിന്നാലെ പെട്ടെന്ന് വൈദ്യുതി നിലച്ചു. ഇതോടെ ട്രെയിൻ നിർത്താൻ ഡ്രൈവർ എമർജൻസ് ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ട്രെയിനിൽ അനുഭവപ്പെട്ട ശക്തമായ കുലുക്കമാണ് രണ്ട് പേരുടെ ജീവൻ നഷ്ടമാവുന്നതിന് കാരണമായതെന്ന് ധൻബാദ് റെയിൽവേ ഡിവിഷൻ സീനിയർ കൊമേഴ്‌സ് മാനേജർ അമരീഷ് കുമാർ പറഞ്ഞു.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുന്നതിനിടെയായിരുന്നു വൈദ്യുതി ലൈൻ പൊട്ടിയതും പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിക്കേണ്ടി വന്നതും. കൊദെർമ - ഗോമോഗ് സെക്ഷനിലെ അപകടത്തെ തുടർന്ന് ധൻബാദ് റെയിൽവെ ഡിവിഷനിലെ ഈ സ്ഥലത്ത് നാല് മണിക്കൂറോളം ട്രെയിൻ സർവീസ് നിർത്തിവെച്ചതായും പിന്നീട് തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചതായും റെയിൻവെ അധികൃതർ അറിയിച്ചു.

ഡീസൽ എഞ്ചിൻ കൊണ്ടുവന്നാണ് അപകട സ്ഥലത്തു നിന്ന് പുരുഷോത്തം എക്സ്‌പ്രസിനെ തൊട്ടടുത്ത ഗൊമോഗ് സ്റ്റേഷനിലേക്ക് എത്തിച്ചത്. അവിടെ നിന്ന് ഇലക്ട്രിക് എഞ്ചിനിൽ തന്ന ഡൽഹിയിലേക്ക് യാത്ര തുടരുകയും ചെയ്തു. അപകടം നടന്നതിന് പിന്നാലെ ധൻബാദ് ഡിവിഷണൽ മാനേജർ കെ.കെ സിൻഹ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.