ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കം കല്ലുകടിയായതോടെ കോൺഗ്രസിന്റെ ഏകപക്ഷീയമായ നിലപാടുകൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ ഒന്നിക്കുന്നു. കോൺഗ്രസിന്റെ 'വല്യേട്ടൻ' മനോഭാവത്തിന് എതിരെയാണ് ഇടതുപാർട്ടികളും സമാജ്വാദി പാർട്ടിയും രാജസ്ഥാനിൽ സംയുക്തമുന്നണിയായി പോരാട്ടത്തിന് ഒരുങ്ങുന്നത്.

സിപിഎം., സിപിഐ., എസ്‌പി., സിപിഐ.എം.എൽ. എന്നീ പാർട്ടികളുടെ നീക്കം 'ഇന്ത്യ' മുന്നണിക്കകത്തെ ആദ്യ കുറുമുന്നണി പരീക്ഷണമെന്നനിലയ്ക്ക് ശ്രദ്ധേയമാവുകയാണ്. സീറ്റ് ചർച്ചകളിൽ തീർത്തും അവഗണിച്ച കോൺഗ്രസിന്റെ ഏകപക്ഷീയനീക്കത്തിന് തിരിച്ചടിസന്ദേശം നൽകുകയാണ് ലക്ഷ്യം.

സിപിഎം. -17, സിപിഐ. -ഒമ്പത്, എസ്‌പി. -എട്ട്, സിപിഐ.എം.എൽ. -മൂന്ന് എന്നിങ്ങനെ 37 മണ്ഡലങ്ങളിലാണ് കുറുമുന്നണി മത്സരിക്കുന്നത്. ഇതിൽ 15 സീറ്റുകളിലെങ്കിലും മികച്ചമത്സരം നടത്താനാകുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പ്രതീക്ഷ. ഫലത്തിൽ ബിജെപിക്കെതിരെ ഇന്ത്യ മുന്നണിക്ക് രൂപംകൊടുത്തവർതന്നെ സഖ്യത്തിന്റെ അന്തകരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

മധ്യപ്രദേശിൽ ജയസാധ്യതയുള്ള ആറുസീറ്റുകൾപോലും നൽകാത്തതിൽ എസ്‌പി. അധ്യക്ഷൻ അഖിലേഷ് യാദവ് കോൺഗ്രസിനെതിരേ രംഗത്തുവന്നിരുന്നു. തെലങ്കാനയിൽ സിപിഎം. ചോദിച്ച ജയസാധ്യതയുള്ള ഒരേയൊരു സീറ്റിലും കോൺഗ്രസ് കടുംപിടിത്തം കാട്ടി. രാജസ്ഥാനിൽ കോൺഗ്രസ് മറ്റുപാർട്ടികളിലെ പ്രധാനനേതാക്കളുമായി ചർച്ചയ്ക്കുപോലും തയ്യാറായില്ലെന്നാണ് ഇടതുവൃത്തങ്ങൾ പറയുന്നത്.

സിപിഎം. സംസ്ഥാനസെക്രട്ടറി അമ്രറാമിനോടോ സംസ്ഥാനചുമതലയുള്ള കേന്ദ്രനേതാക്കളോടോ സംസാരിച്ചില്ല. ഇതുകൊണ്ടാണ് രാജസ്ഥാനിൽ ഇന്ത്യാ മുന്നണിക്കകത്തൊരു കുറുമുന്നണിക്ക് നിർബന്ധിതരായതെന്നാണ് വാദം. തെലങ്കാനയിൽ സിപിഐ. കോൺഗ്രസുമായി ചേർന്ന് രണ്ടുസീറ്റിൽ മത്സരിക്കുന്നുണ്ട്. രാജസ്ഥാനിൽ ചിലകേന്ദ്രങ്ങളിൽ സിപിഎമ്മിന് വേരോട്ടമുണ്ട്. രണ്ടു എംഎ‍ൽഎ.മാരുമുണ്ട്.