- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ദീപാവലി ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ'; സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ഹിമാചലിൽ; ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതിയും കോൺഗ്രസ് അധ്യക്ഷനും
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദീപവലി ദിനത്തിൽ എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ദീപാവലി ആശംസകൾ പങ്കുവെച്ചത്.
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിലെത്തി. ധീരരായ സുരക്ഷാ സേന ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കാൻ ഹിമാചലിലെ ലേപ്ചയിലെത്തിയതായി പ്രധാനമന്ത്രി തന്റെ എക്‌സിലൂടെ അറിയിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുർമുവും ദീപാവലി ആശംസകൾ പങ്കുവെച്ചു. വിവിധ മതസ്ഥരുടെയും വിശ്വാസികളുടെയും ആഘോഷദിനത്തിൽ എല്ലാവർക്കും ദീപാവലി ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു. ഇരുട്ടിന് മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും അനീതിക്കെതിരെ നീതിയും നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന ദിനമാണിത്. ഒരു വിളക്കിന് മറ്റുള്ളവരെ പ്രകാശിപ്പിക്കാൻ കഴിയുമെന്നും രാഷ്ട്രപതി കുറിച്ചു.
കേന്ദ്രമന്ത്രിമാരും രാജ്യത്തുടനീളമുള്ള പ്രമുഖ വ്യക്തികളും ദീപാവലി ആശംസകൾ പങ്കുവെച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എല്ലാ വർഷവും കാർത്തിക മാസത്തിലെ 15-ാം ദിവസമായ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. രാജ്യത്തുടനീളമുള്ളവർ വലിയ ആഘോഷ പരിപാടികളാണ് ദീപാവലി ദിനത്തിലൊരുക്കുന്നത്.
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദീപാവലി ആശംസകൾ അറിയിച്ചു. എന്റെയും പാർട്ടിയിലെ മറ്റ് നേതാക്കളുടെയും പ്രവർത്തകരുടേയും ദീപാവലി ആശംസകൾ. ഈ ആഘോഷം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും സമ്മാനിക്കട്ടെ, ഖാർഗെ കുറിച്ചു. ഇവർക്കു പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ദീപാവലി ആശംസകൾ പങ്കുവച്ചു.