- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റൺവേയിൽ തെരുവുനായ കയറി; ഗോവയിൽ ഇറങ്ങേണ്ട വിമാനം ബെംഗളൂരുവിലേക്ക് പറന്നു
പനാജി: റൺവേയിൽ തെരുവുനായ കയറിയതോടെ ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. വിസ്താര എയർലൈൻസിന്റെ യു.കെ 881 നമ്പറിലുള്ള ബെംഗളൂരു-ഗോവ വിമാനമാണ് തിരിച്ചുപറന്നത്. റൺവേയിൽ തെരുവുനായ കയറിയതോടെ വിമാനം ലാൻഡ് ചെയ്യാതെ തിരികെ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്ക് 12:55-ന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനം 02:05-നായിരുന്നു ഗോവയിൽ ഇറങ്ങേണ്ടിയിരുന്നത്.
തുടർന്ന് വൈകീട്ട് 04:55-ന് വിമാനം ബെംഗളൂരുവിൽ നിന്ന് വീണ്ടും പറന്നുയരുകയും 06:15-ഓടെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്തു. വിസ്താര എയർലൈൻസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറാണ് (എ.ടി.സി) റൺവേയിൽ തെരുവുനായയെ കണ്ടത്. ഈ സമയത്താണ് വിസ്താര വിമാനം ലാൻഡിങ്ങിനായി എത്തുന്നത്. അൽപ്പസമയം കാത്തുനിൽക്കാൻ എ.ടി.സി. വിസ്താരയുടെ പൈലറ്റിന് നിർദ്ദേശം നൽകി. എന്നാൽ തിരികെ ബെംഗളൂരുവിലേക്ക് പോകാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
ഗോവ വിമാനത്താവളത്തിന്റെ റൺവേയിൽ തെരുവുനായ കയറുന്ന സംഭവം ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും ജീവനക്കാർ നായയെ ഉടൻ തന്നെ ഓടിക്കും. എന്നാൽ വിമാനത്തിന്റെ വഴി മുടക്കുന്ന സംഭവം അപൂർവ്വമാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആദ്യമായാണ് റൺവേയിലെ തെരുവുനായ കാരണം വിമാനത്തിന്റെ വരവ് മുടങ്ങുന്നതെന്ന് ഗോവ വിമാനത്താവളം ഡയറക്ടർ എസ്.വി.ടി. ധനഞ്ജയ റാവു പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ എയർ സ്റ്റേഷനായ ഐ.എൻ.എസ്. ഹൻസയുടെ ഭാഗമാണ് ദബോലിം അന്താരാഷ്ട്ര വിമാനത്താവളം.