മുംബൈ: ഏകദിന ക്രിക്കറ്റിൽ അമ്പതാം സെഞ്ച്വറി തികച്ച വിരാട് കോലിക്ക് പ്രമുഖരുടെ അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും, യുവ്രാജ് സിങ്, സുരേഷ് റെയ്ന, ശിഖർ ധവാൻ എന്നിവരുൾപ്പടെയുള്ള സഹതാരങ്ങളും രാഷ്ട്രീയ- സാംസ്‌കാരിക- കായിക മേഖലകളിലെ മറ്റു പ്രമുഖരും കോലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തി.

'കോലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടുക മാത്രമല്ല ചെയ്തത് മികച്ച സ്പോർട്സ്മാൻഷിപ്പിനെ നിർവചിക്കുന്ന മികവിന്റെയും നിരന്തരപരിശ്രമത്തിന്റെയും ഉത്തമോദാഹരണം മുന്നോട്ട് വെക്കുക കൂടിയാണ്. ഈ ചരിത്രപരമായ നേട്ടം അദ്ദേഹത്തിന്റെ അടിയുറച്ച അർപ്പണബോധത്തിന്റെയും പകരംവെയ്ക്കാനില്ലാത്ത മികവിന്റെയും തെളിവാണ്. അദ്ദേഹത്തിന് എന്റെ എല്ലാ അഭിനന്ദനങ്ങളും. വരുംതലമുറകൾക്ക് മാതൃകയാകുന്നത് തുടരട്ടെ'. പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

'സച്ചിന്റെ റെക്കോഡ് മറികടന്ന് 50 സെഞ്ച്വറികളെന്ന ചരിത്രപരമായ നേട്ടം കൊയ്ത കോലിക്ക് അഭിനന്ദനങ്ങൾ. ഈ നേട്ടത്തിൽ അവന്റെ അച്ഛൻ ഒരുപാട് സന്തോഷിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പാണ്. ആകാശത്ത് നിന്ന് മകനെ നോക്കി അദ്ദേഹം പുഞ്ചിരിക്കുന്നുണ്ടാകാം'. യുവ്രാജ് എക്സിൽ കുറിച്ചു.

'നമ്മളെല്ലാവരും കാത്തിരുന്ന നിമിഷമിതാണ്. ഒരു ഗംഭീര സെഞ്ച്വറി കൂടി കരസ്ഥമാക്കി ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് കോലി എത്തി. തികച്ചും ബ്രില്ല്യൻസ് തന്നെ കിങ്ങ് കോലി'- സുരേഷ് റെയ്ന കുറിച്ചു.

വിരാടിനെ അഭിനന്ദിച്ച് സച്ചിന്റെ മകൾ സാറ തെണ്ടുൽക്കറും രംഗത്തെത്തി. മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ ടോം മൂഡി, ഇയാൻ ബിഷപ്പ്, ഇർഫാൻ പത്താൻ, മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ, മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം, പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ, കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരും കോലിക്ക് അഭിനന്ദനമറിയിച്ചു.