ന്യൂഡൽഹി: തന്നെ നിശബ്ദനാക്കാനാണ് അറസ്റ്റ് ചെയ്തതെന്നും ജയിലിൽ കഴിയുന്ന ഓരോ ദിവസവും സ്വേച്ഛാധിപത്യ ശക്തിക്കെതിരെ പോരാടാനുള്ള നിശ്ചയദാർഢ്യവും ശക്തിയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. ജയിലിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പരാമർശം.

'എ.എ.പി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതീക്ഷയും വിശ്വാസവും സൃഷ്ടിച്ചു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ വെറും 10 വർഷം കൊണ്ട് എ.എ.പി ഒരു ദേശീയ പാർട്ടിയായി മാറി. ഞങ്ങൾ മൂന്ന് തവണ ഡൽഹിയിൽ വൻ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിച്ചു. കെജ്രിവാൾ സർക്കാറിന്റെ വിദ്യാഭ്യാസത്തിലെയും ആരോഗ്യപരിപാലനത്തിലെയും സ്തുത്യർഹമായ പ്രവർത്തനങ്ങൾ രാജ്യത്തിനും ലോകത്തിനും മാതൃകയായി'- അദ്ദേഹം കത്തിൽ പറഞ്ഞു.

എ.എ.പി ജാതീയത പ്രചരിപ്പിക്കുന്നില്ലെന്നും മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നില്ലെന്നും അതുകൊണ്ടാണ് എ.എപിയെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അടിച്ചമർത്തലിന്റെ പാത സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒക്ടോബർ 4നാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. മദ്യ നയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സഞ്ജയ് സിങ് വഴിയായിരുന്നെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദിനേശ് അറോറ മൊഴി നൽകിയിരുന്നു. അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചക്ക് സഹായിച്ചതും സഞ്ജയ് സിങ് ആണെന്ന് ദിനേശ് അറോറയുടെ മൊഴി ഉണ്ടായിരുന്നു.

സഞ്ജയ് സിങ്ങിന്റെ അറസ്റ്റ് പൂർണമായും നിയമവിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധൈര്യമില്ലായ്മയാണ് അറസ്റ്റിലൂടെ തെളിയുന്നതെന്നുമാണ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്.