കൊൽക്കത്ത: നേപ്പാൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തി പ്രദേശമായ പാനിടാങ്കിൽ വച്ചാണ് ഇരുവരെയും സുരക്ഷാ സേന പിടികൂടിയത്. കറാച്ചി സ്വദേശിനി ഷൈസ്ത ഹനീഫും (62), 11 വയസ്സുള്ള മകൻ അരിയൻ മുഹമ്മദ് ഹനീഫുമാണ് സൈനികരുടെ പിടിയിലായത്. ഇന്ത്യയിലുള്ള സഹോദരിയെ കാണാൻ എത്തിയതെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ശാസ്ത്ര സീമ ബലിന്റെ (എസ്എസ്ബി) 41-ാം ബറ്റാലിയനിലെ സൈനികരാണ് സ്ത്രീയെയും മകനെയും കണ്ടെത്തിയത്. ഇന്ത്യൻ പാസ്പോർട്ടോ മറ്റ് രേഖകളോ പിടിയിലാകുന്ന സമയത്ത് ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും സൈനികർ ഖരിബാരി പൊലീസിന് കൈമാറി. ഇന്ത്യയിലേക്ക് അധികൃതമായി കടക്കാൻ ശ്രമിച്ച ഇവരെ കോടതിയിൽ ഹാജരാക്കി.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ താമസിക്കുന്ന ഷൈസ്തയുടെ സഹോദരിയെ കാണാനാണ് അമ്മയും മകനും ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പാക്കിസ്ഥാൻ സ്വദേശികളായ ഇവർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദിയിലാണ് താമസിക്കുന്നതെന്നും ഡാർജിലിങ് ജില്ല പൊലീസ് സൂപ്രണ്ട് പ്രവീൺ പ്രകാശ് പറഞ്ഞു.