ഹൈദരാബാദ്: നവംബർ 30-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ഒട്ടേറെ വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സാധാരണക്കാരായ ജനങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയാണ് തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടാനൊരുങ്ങുന്നത്. 'അഭയ ഹസ്തം' എന്ന പേരിൽ ആറ് വാഗ്ദാനങ്ങളാണ് തെലങ്കാനയിലെ ജനങ്ങൾക്ക് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയിലൂടെ കോൺഗ്രസ് നൽകുന്നത്.

മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് മാസംതോറും 2,500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, സംസ്ഥാനത്തുടനീളം ടി.എസ്.ആർ.ടി.സി ബസുകൾക്ക് സൗജന്യ യാത്ര എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.

കൃഷിക്കാർക്കും പാട്ടകൃഷി ചെയ്യുന്നവർക്കും ഒരു ഏക്കറിന് 15,000 രൂപയും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും എല്ലാ വർഷവും ധനസഹായം നൽകും. 'റൈതു ഭരോസ' പദ്ധതി പ്രകാരം ഒരു ക്വിന്റൽ നെൽവയലിന് 500 രൂപ ബോണസും അനുവദിക്കും. ഭരണത്തിലെത്തിയാൽ 'ഗൃഹ ജ്യോതി' പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.

വീടില്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാനുള്ള സ്ഥലവും വീട് നിർമ്മാണത്തിനായി അഞ്ചു ലക്ഷം രൂപ ധനസഹായവും, കോളേജ് ഫീസ് അടയ്ക്കാനായി വിദ്യാർത്ഥികൾക്ക് 'യുവ വികാസം' പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപയുടെ ധനസഹായം, മുതിർന്ന പൗരർ, വിധവകൾ, ഭിന്നശേഷിക്കാർ, ബീഡി തൊഴിലാളികൾ, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾ, നെയ്ത്തുകാർ, എയ്ഡ്സ് രോഗികൾ, കിഡ്നി രോഗികൾ എന്നിവർക്കെല്ലാം 'ചേയുത' പദ്ധതി പ്രകാരം മാസം 4,000 രൂപ പെൻഷൻ എന്നിവയാണ് പ്രകടന പത്രികയിലെ മറ്റു വാഗ്ദാനങ്ങൾ.