ശബരിമല: കുട്ടനാട്ടിലെ നെൽ കർഷകന്റെ ആത്മഹത്യയിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ. കർഷകരുടെ പ്രശ്നങ്ങൾ ഇടതു സർക്കാർ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ശോഭ കരന്തലജെ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിന്റെ ഫണ്ടുകൾ കേരളം ഉപയോഗിക്കുന്നില്ല. ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുകയാണ്. അതുകൊണ്ടാണ് കർഷകർ ബുദ്ധിമുട്ടുന്നതെന്നും മന്ത്രി ആരോപിച്ചു.

കുട്ടനാട്ടിലെ നെൽ കർഷകൻ പ്രസാദിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ശബരിമല ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിലെ നിരവധി സഹകരണ സംഘങ്ങളുടെ സ്ഥിതി ഗുരുതരമാണ്. ഇത്തരം സൊസൈറ്റികളെ സർക്കാർ അഴിമതിക്കായി ഉപയോഗിക്കുന്നു. ഇത്തരം സൊസൈറ്റികളിലും ബാങ്കുകളിലും പണം നിക്ഷേപിച്ച കർഷകർ അത് തിരികെ കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

'ഞാൻ നിരവധി സഹകരണ സംഘങ്ങൾ സന്ദർശിച്ചു. സംഘങ്ങളിലെ പണം മറ്റാവശ്യങ്ങൾക്കായി സർക്കാർ വകമാറ്റുകയാണെന്ന് അവിടെയുള്ളവർ എന്നോട് പറഞ്ഞു', ശോഭ കരന്തലജെ പറഞ്ഞു.