ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കോവിഡ് വ്യാപനം. വെള്ളിയാഴ്ച 26 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കോവിഡിന്റെ ഏത് വകഭേദമാണ് പുതിയ രോഗികളിലുള്ളത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എറിസ് (EG.5.1) എന്ന വകഭേദമാണ് ഇന്ത്യയിൽ അവസാനമായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്.

ഇന്ത്യയിൽ ഇതുവരെ നാലര കോടിയിലേറെ പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4.44 കോടി പേർ രോഗമുക്തരായി. 98.81 ശതമാനമാണ് ദേശീയതലത്തിൽ രോഗമുക്തി നിരക്ക്. ഇന്ത്യയിൽ ഇതുവരെ 5.33 ലക്ഷം പേർ കോവിഡ്-19 ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് കോവിഡ് വാക്സിനാണ് ഇന്ത്യയിൽ ഇതുവരെ നൽകിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.