ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിന്റെ നയങ്ങൾ മോഷ്ടിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയിൽ ഉൾപ്പെടുത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജസ്ഥാനിലെ ജനങ്ങൾക്ക് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ബിജെപിക്ക് കൃത്യമായ ഉദ്ദേശങ്ങളോ നയങ്ങളോ ഇല്ല. രാജസ്ഥാനിലും മറ്റ് സംസ്ഥാനങ്ങളിലും കൃത്യമായ ഗ്യാരന്റികൾ കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു. ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷവും കോൺഗ്രസിന്റെ നയങ്ങൾ കടമെടുക്കുന്നതാണ് നല്ലതെന്ന് മോദിജിക്കും ബിജെപിക്കും തോന്നിയിട്ടുണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിയിൽ അജണ്ടകൾ നടപ്പിലാക്കാനുള്ള തിരക്കിലാണ് ബിജെപി' അദ്ദേഹം എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഖാർഗെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബിജെപി സത്യം പറയാറില്ല. മോദി അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞിട്ടും ആർക്കും പണം കിട്ടിയില്ല. 2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആർക്കും തൊഴിലും ലഭിച്ചില്ല. ഇതുകൊണ്ടാണ് കോൺഗ്രസ് മോദിയെ കള്ളൻ എന്ന് വിളിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. കെ.സി.ആർ അധികാരത്തിലെത്തുന്നതിന് മുമ്പ് തെലങ്കാനയ്ക്ക് ഉയർന്ന വരുമാനമുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അതെല്ലാം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.