ഗ്വാളിയോർ: ബസിൽ നിന്നിറങ്ങി റോഡരികിലെ പെട്രോൾ പമ്പിൽ സഹോദരനെ കാത്തുനിൽക്കുകയായിരുന്ന കോളജ് വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയത്. യുവതിയെ ബലമായി പിടിച്ച് ബൈക്കിൽ ഇരുത്തി കൊണ്ടുപോവുകയായിരുന്നു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. മറ്റൊരാൾ തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ ബൈക്കിൽ നിന്ന് ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിന്റെ സീറ്റിൽ ഇരുത്തിയ ശേഷം രണ്ടാമനും പിന്നിൽ കയറുകയും തുടർന്ന് വാഹനം ഓടിച്ചുപോവുകയും ചെയ്യുന്നു.

യുവതി ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. പെട്രോൾ പമ്പിൽ ജീവനക്കാരനും മറ്റൊരു സ്‌കൂട്ടറിൽ ഇന്ധനം നിറയ്ക്കാൻ എത്തിയവരും ഉൾപ്പെടെ ഏതാനും പേർ തൊട്ടടുത്ത് തന്നെ നോക്കി നിൽക്കുന്നുണ്ടെങ്കിലും ആരും ഇടപെടാനോ രക്ഷിക്കാനോ ശ്രമിക്കുന്നതുമില്ല.

മദ്ധ്യപ്രദേശിലെ ഭിന്ദ് സ്വദേശിനിയായ 19 വയസുകാരിയാണ് തട്ടിക്കൊണ്ട് പോകലിന് ഇരയായത്. ബി.എ വിദ്യാർത്ഥിനിയായ യുവതി ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് അവിടെ ബസിൽ വന്നിറങ്ങിയത്. കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു യുവതി. ബസ് ഇറങ്ങിയ ശേഷം പെട്രോൾ പമ്പിൽ തന്റെ സഹോദരനെ കാത്തു നിൽക്കുകയായിരുന്നു. സഹോദരൻ എത്തുന്നതിന് മുമ്പാണ് തട്ടിക്കൊണ്ട് പോകൽ അരങ്ങേറിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.