കൗസാംബി: പീഡനത്തിന് ഇരയായ 19 വയസുകാരിയെ പട്ടാപ്പകൽ വെട്ടിക്കൊന്ന് പീഡനക്കേസിലെ പ്രതികൾ. ഉത്തർപ്രദേശിലെ കൗസാംബി ജില്ലയിലെ മഹേവാഗട്ടിൽ ഇന്നലെയാണ് പട്ടാപ്പകൽ അതിജീവിതയെ വെട്ടിക്കൊന്നത്. 19കാരിയെ പീഡിപ്പിച്ചയാളും സഹോദരനും ചേർന്നാണ് കൊടുംക്രൂര കൃത്യം നടത്തിയത്. കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടും വഴങ്ങാതെ വന്നതോടെയാണ് ക്രൂരത.

അശോക്, പവൻ നിഷാദ് എന്നിവരാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗ്രാമവാസികൾ നോക്കി നിൽക്കുമ്പോൾ കൈക്കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

പവൻ നിഷാദ് 19കാരിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് പീഡിപ്പിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് പല രീതിയിൽ 19കാരിയെ അപമാനിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള ഇത്തരം അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും വഴങ്ങാതെ വന്നതോടെയാണ് 19കാരിയെ അതിക്രൂരമായി കൊന്നത്. നേരത്തെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് പവന്റെ സഹോദരൻ അശോക്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇവർ രണ്ട് പേരും ചേർന്ന് 19കാരിയുടെ കുടുംബത്തെ കേസ് പിൻവലിക്കാൻ സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ 19കാരി കേസ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സഹോദരന്മാർ ആക്രമിക്കുകയായിരുന്നു. പാടത്ത് നിന്ന് കാലികളുമായി മടങ്ങുകയായിരുന്ന 19കാരിയെ പിന്തുടർന്ന് ഗ്രാമത്തിലെ ഏറെ ദുരം ഓടിച്ച ശേഷം ഗ്രാമവാസികളുടെ മുന്നിലിട്ട് വെട്ടിക്കൂട്ടുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ സഹോദരന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. കേസിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്‌പി വിശദമാക്കി.