ഔറംഗാബാദ്: പ്രതികളെ കോടയിൽ എത്തിക്കാൻ അരമണിക്കൂർ വൈകിയ പൊലീസുകാർക്ക് ജഡ്ജി നൽകിയത് മാതൃകാപരമായ ശിക്ഷ. ഇരുവരോടും വൈകിയെത്തിയതിന്റെ ശിക്ഷയായി പുല്ല് വെട്ടാനായിരുന്നു മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലെ മൻവാത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു കോൺസ്റ്റബിളും ഒരു ഹെഡ് കോൺസ്റ്റബിളുമാണ് കോടതിയുടെ അതൃപ്തിക്ക് ഇരയായി ശിക്ഷ ഏറ്റു വാങ്ങിയത്.

തലേദിവസം രാത്രി മൻവാത് നഗരത്തിൽ സംശയാസ്പദമായി ചുറ്റിത്തിരിയുകയായിരുന്ന രണ്ട് പേരെ പൊലീസിന്റെ നൈറ്റ് പട്രോൾ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പിറ്റേ ദിവസമാണ് കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച ആയിരുന്നതിനാൽ അവധി ദിവസം 11 മണിക്ക് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികളെയും കൊണ്ട് പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിയപ്പോൾ സമയം 11.30ആയി. ഇതാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചത്. അദ്ദേഹം രണ്ട് പൊലീസുകാരും ശിക്ഷയായി പുല്ല് വെട്ടണമെന്ന് ഉത്തരവിടുകയായിരുന്നു.

പൊലീസുകാർ ഇക്കാര്യം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അതേ ദിവസത്തെ തന്നെ സ്റ്റേഷൻ ഡയറിയിൽ ഇക്കാര്യം രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് അയക്കുകയും ചെയ്തു.

സംഭവം പർബാനിയിലെ പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന യശ്വന്ത് കലെയും സ്ഥിരീകരിച്ചു. സംഭവം ശ്രദ്ധയിൽപെട്ട ഉടനെ തന്നെ രണ്ട് പൊലീസുകാരുടെയും മൊഴികൾ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് സാക്ഷികളായ മറ്റ് മൂന്ന് പൊലീസുകാരുടെ മൊഴികൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാർക്ക് വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന കാര്യം സ്റ്റേഷൻ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മൻവാത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറും സ്ഥിരീകരിച്ചെങ്കിലും വിശദ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.