കാൺപൂർ: ഇന്ത്യയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം കാണുന്നത് തടസ്സപ്പെടുത്തിയ മകനെ അച്ഛൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച നടന്ന ഫൈനൽ കാണുന്നതിനിടെ ടിവി ഓഫ് ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മത്സരം നടക്കുന്നതിനിടെ ടിവി ഓഫ് ചെയ്ത മകനെയാണ് പിതാവ് കൊലപ്പെടുത്തിയത്. യുപിയിലാണ് സംഭവം.

കാൺപൂരിലെ വീട്ടിലിരുന്ന് ഗണേശ് പ്രസാദ് മത്സരം കാണുകയായിരുന്നു. അപ്പോഴായിരുന്നു രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി നൽകാൻ മകൻ ആവശ്യപ്പെട്ടത്. എന്നാൽ ഗണേശ് ഇത് ചെവികൊണ്ടില്ല. തുടർന്ന് മകൻ ദീപക് ടിവി ഓഫ് ചെയ്തു. തുടർന്നുണ്ടായ തർക്കം അപിടിയിലേക്ക് നയിച്ചു. മദ്യലഹരിയിലായിരുന്ന ഗണേശ് മൊബൈൽ ചാർജർ വയർ ഉപയോഗിച്ച് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കോണിപ്പടിയിൽ കിടന്ന മൃതദേഹം ബന്ധുവാണ് കണ്ടെത്തിയത്. ക്രിക്കറ്റ് മത്സരം കാണുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ചാർജിങ് കേബിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ചക്കേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബ്രിജ് നാരായൺ സിങ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച ഇരുവരും തമ്മിൽ അടിപിടിയുണ്ടായപ്പോൾ അമ്മ വീടുവിട്ടിറങ്ങിയിരുന്നു.