ഹൈദരാബാദ്: കോൺഗ്രസ് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി, ഇ.ഡി. റെയ്ഡുകൾ നടത്തുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് തെലങ്കാന പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഡി. ബി.ആർ.എസ്സും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയാണ് റെയ്ഡിന് പിന്നിലെന്നാണ് ആരോപണം. റെയ്ഡുകൾ ആസൂത്രണം ചെയ്തത് കെ. ചന്ദ്രശേഖർ റാവുവും കേന്ദ്രമന്ത്രി അമിത് ഷായും ചേർന്നാണെന്നും അദ്ദേഹം ആരോപിച്ചു.

ഇരുവരും ചേർന്ന് നടത്തിയ ഗൂഢാലോചന പിയൂഷ് ഗോയലും കെ.ടി രാവറാവുവും ചേർന്ന് നടപ്പിലാക്കി. മറ്റ് പാർട്ടികളിലെ സ്ഥാനാർത്ഥികൾ ചെയ്ത ഒരു തെറ്റും പുറത്തുകൊണ്ടുവരാതെ അന്വേഷണ ഏജൻസികൾ കോൺഗ്രസ് നേതാക്കളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോൺഗ്രസ് നേതാവ് വിവേക് വെങ്കിടസ്വാമിക്കെതിരായ റെയ്ഡുകൾ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ സൂചനയാണ്. നേരത്തെ, അദ്ദേഹത്തിൽ ഒരു തെറ്റും ആദായ നികുതി വകുപ്പും ഇ.ഡി.യും കണ്ടെത്തിയിരുന്നില്ല. എന്നാൽ, അദ്ദേഹം കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അവർ റെയ്ഡുകൾ ആരംഭിച്ചു, രേവന്ത് ആരോപിച്ചു.

സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളെ ദ്രോഹിക്കുന്നതിനായി ബി.ആർ.എസും ബിജെപിയും ചേർന്ന് നടത്തുന്ന പ്രവർത്തികൾ ജനങ്ങൾ കാണണം. ബി.ആർ.എസ്സിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചതിനാൽ കോൺഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്നും രേവന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.