ഷിമോഗ: വെജിറ്റേറിയനായ ഏഴു വയസുകാരിയായ മകളെ അദ്ധ്യാപിക നിർബന്ധിച്ച് മുട്ട തീറ്റിച്ചെന്ന പരാതിയുമായി പിതാവ്. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. ബ്രാഹ്‌മണ വിഭാഗത്തിൽപ്പെട്ട തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇക്കാര്യത്തിൽ അദ്ധ്യാപികയക്കും പ്രധാന അദ്ധ്യാപികക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വിദ്യാഭ്യാസ വകുപ്പിനാണ് പരാതി നൽകിയിരിക്കുന്നത്.

ശുദ്ധ വെജിറ്റേറിയനായ തന്റെ കുട്ടിക്ക് അദ്ധ്യാപിക നിർബന്ധിച്ച് മുട്ട നൽകിയെന്നും ഇതേത്തുടർന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ടീച്ചർ തന്നെ മുട്ട കഴിക്കാൻ നിർബന്ധിക്കുന്നുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാൽ അടി തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അദ്ധ്യാപികക്ക് എതിരെയുള്ള ആരോപണം.

കുട്ടികൾക്ക് മുട്ട, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, വാഴപ്പഴം എന്നിവ നൽകണമെന്ന് സർക്കാരിന്റെ ഉത്തരവുണ്ട്. എന്നാൽ കുട്ടികൾക്ക് എന്തൊക്കെ ഭക്ഷണം നൽകണമെന്ന് തീരുമാനിക്കാൻ ഒരു മീറ്റിങ് വിളിച്ചതിന് ശേഷം തീരുമാനിക്കണമായിരുന്നുവെന്നും പിതാവ് പറയുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക മാത്രമാണ് അദ്ധ്യാപിക ചെയ്തതെന്നാണ് ഷിമോഗ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയിരിക്കുന്ന വിശദീകരണം.