- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചേരി പ്രദേശത്ത് താമസിക്കുന്നവരെ അപമാനിച്ചിട്ടില്ല; മാപ്പ് പറയില്ലെന്നും ഖുശ്‌ബു
ചെന്നൈ: ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവരെ അപമാനിച്ചിട്ടില്ലെന്നും 'ചേരി 'പരാമർശത്തിൽ മാപ്പ് പറയില്ലെന്നും നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. ചേരി എന്ന വാക്ക് ഉള്ള പ്രദേശങ്ങൾ തമിഴ്‌നാട്ടിലുണ്ട്. സർക്കാർ രേഖകളിൽ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്. തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും ഖുശ്‌ബു പറഞ്ഞു. ചേരി പരാമർശത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഖുശ്‌ബുവിന്റെ പ്രതികരണം.
ഡി.എം.കെയെ പരിഹസിക്കുന്നതിനായി ഫ്രഞ്ച് ഭാഷയിലുള്ള സ്‌നേഹം എന്നർഥമുള്ള 'ചേരി' എന്ന വാക്കാണ് ഉപയോഗിച്ചത്. ഡി.എം.കെക്ക് ഇല്ലാത്ത പ്രശ്‌നം കോൺഗ്രസിന് എന്തിനാണെന്നും ഡി.എം.കെക്ക് വേണ്ടി കോൺഗ്രസ് ജോലി ചെയ്യുകയാണോയെന്നും അവർ ചോദിച്ചു. അംബേദ്കറിന് ഭാരത് രത്ന നൽകാത്ത കോൺഗ്രസ് തന്നെ വിമർശിക്കേണ്ടെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു.
നടൻ മൻസൂർ അലിഖാൻ തൃഷക്കെതിരെ നടത്തിയ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട് ഖുശ്‌ബു ഡി.എം.കെക്ക് എതിരെ നടത്തിയ വിമർശനമാണ് വിവാദമായത്. 'ഡി.എം.കെ ഗുണ്ടകൾ ഇത് തന്നെയാണ് ചെയ്യുന്നത്. അവരും സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയിൽ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാൻ നിങ്ങളൊന്ന് ഉണർന്ന് നോക്കണം', തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്‌സിൽ ഖുശ്‌ബുവിന്റെ പ്രതികരണം.
അതേസമയം, പരാമർശം വിവാദമായതോടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഖുശ്‌ബുവിന്റെ ചെന്നൈയിലെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു. 'ചേരി'പരാമർശത്തിൽ വീട്ടിലേക്ക് പ്രതിഷേധ റാലി ഉൾപ്പെടെ നടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് പൊലീസ് നടപടി.