അശോക് നഗർ: മധ്യപ്രദേശിലെ അശോക് നഗറിൽ റെയിൽവേ സ്റ്റേഷനിൽ ഭർത്താവിനൊപ്പം ട്രെയിൻ കാത്തിരുന്ന യുവതിയെ രണ്ടുപേർ ബലാത്സംഗത്തിന് ഇരയാക്കി. ജയ്പൂരിലേക്കുള്ള ട്രെയിൻ നഷ്ടമായതിനെ തുടർന്ന് വെള്ളിയാഴ്ച അർധ രാത്രി മുംഗാവോലി റെയിൽവേ സ്റ്റേഷനിൽ ഭർത്താവിനൊപ്പം കാത്തിരിക്കുകയായിരുന്നു യുവതി. സ്ഥിരം മദ്യപാദിയായ യുവതിയുടെ ഭർത്താവ് മദ്യം തേടി റെയിൽവേസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് ട്രെയിൻ നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് യൂനിഫോമിലെത്തിയ രണ്ടുപേർ ഇവർക്കരികിലെത്തുകയും അവരുടെ ട്രെയിൻ ടിക്കറ്റിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. മറ്റ് വിവരങ്ങളും ഇവർ ചോദിച്ചറിഞ്ഞു. ഇവരുടെ ഐഡന്റിറ്റി കാർഡ് കാണിക്കണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടപ്പോൾ ഇവർ വഴക്കിട്ടു. തുടർന്ന് യുവതിയുടെ ഭർത്താവിനെ മർദിക്കുകയും ചെയ്തു.

തുടർന്ന് പ്രതികളിലൊരാൾ ഭർത്താവിനെ ദൂരേക്ക് കൊണ്ടുപോയി മറ്റേയാൾ യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് രണ്ടാമത്തെയാളും തിരിച്ചെത്തി യുവതിയെ ബലാത്സംഗം ചെയ്തു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.