ശ്രീനഗർ: ജമ്മു കാശ്മീരിൽ മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ. പിടിയിലായ ഭീകരരിൽ നിന്ന് പണവും ആയുധ ശേഖരവും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാരാമുള്ളയിലെ ജൂലാ ബ്രിഡ്ജിന് സമീപത്തുള്ള നാക്ക ചെക്ക് പോസ്റ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൻസൂർ അഹമ്മദ് ഭട്ടി, സമീർ അഹമ്മദ് ഖാണ്ഡേ, മുഹമ്മദ് നസീം ഖാണ്ഡേ എന്നിവരാണ് പിടിയിലായത്. സിഖ് ലൈഫ് ഇൻഫെന്റ്റിയും ബിഎസ്എഫും ബാരാമുള്ള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്.

ഭീകരരിൽ നിന്നും മൂന്ന് ചൈനീസ് ഗ്രനേഡുകളും രണ്ടര ലക്ഷം രൂപയും തോക്കുകളും കണ്ടെടുത്തു. രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മൻസൂർ അഹമ്മദ് ഭട്ടിയാണ് പണം നൽകിയതെന്ന് മറ്റ് രണ്ട് ഭീകർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് മൻസൂറിനെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്കായി പലർക്കും പണവും ആയുധങ്ങളും നൽകിയിട്ടുണ്ടെന്നും കമൽകോട്ടിലെ വീട്ടിൽ ഭീകരവാദ പ്രവർത്തനം നടത്തുന്നതിനായി ലഭിച്ച അനധികൃത പണവും ആയുധങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും കണ്ടെത്തി. യുഎപിഎ വകുപ്പ് പ്രകാരം ഭീകരർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉറി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.