ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിയെ യുവാക്കൾ സംഘംചേർന്ന് തട്ടിക്കൊണ്ടുപോയി മർദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ബന്ധുവീട്ടിൽനിന്ന് മടങ്ങിവരുന്നതിനിടെയാണ് വിദ്യാർത്ഥിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

വിദ്യാർത്ഥിയെ നിരന്തരം മർദിക്കുന്നതും പിന്നീട് ഒരാൾ വിദ്യാർത്ഥിയുടെ മുഖത്തേക്ക് മൂത്രമൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നവംബർ 13-ാം തീയതിയാണ് സംഭവം നടന്നതെന്നാണ് വിദ്യാർത്ഥിയുടെ കുടുംബം പറയുന്നത്. ബന്ധുവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയെന്നും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി.

വിദ്യാർത്ഥിയെ കാണാതായതോടെ രാത്രി മുഴുവൻ കുടുംബം തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് പിറ്റേദിവസം രാവിലെയാണ് അവശനായനിലയിൽ വിദ്യാർത്ഥി വീട്ടിലെത്തിയത്. രാത്രിമുഴുവൻ മർദനമേറ്റതും വിദ്യാർത്ഥി വെളിപ്പെടുത്തി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിദ്യാർത്ഥിയുടെ പിതാവിന്റെ ആരോപണം. തുടർന്ന് 16-ാം തീയതി വീണ്ടും പൊലീസ് സ്റ്റേഷനിൽ പോയതോടെയാണ് കേസെടുത്തത്.

നിസ്സാരവകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നതെന്നും പിതാവ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ നാലുപ്രതികളെ തിരിച്ചറിഞ്ഞതായും ഇതിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

അവി ശർമ, ആശിഷ് മാലിക്ക്, രാജൻ, മോഹിത് ഠാക്കൂർ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ, മർദനത്തിനിരയായ വിദ്യാർത്ഥിയും പ്രതികളിൽ ചിലരും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും വിവരങ്ങളുണ്ട്. എന്നാൽ വിദ്യാർത്ഥിയുടെ കുടുംബം ഇക്കാര്യം നിഷേധിച്ചു. പ്രതികളുമായി നേരത്തെ തർക്കങ്ങളൊന്നുമില്ലെന്നും കുടുംബം പറഞ്ഞു.