ഭോപ്പാൽ: ഇന്ദോറിലെ സ്വകാര്യസ്‌കൂളിൽ തർക്കത്തിനിടെ നാലാംക്ലാസുകാരനെ സഹപാഠികളായ മൂന്നുപേർചേർന്ന് കോമ്പസുകൊണ്ടുകുത്തി പരിക്കേൽപ്പിച്ചു. 108 തവണയാണ് കുത്തേറ്റത്. ആക്രമണത്തിന് ഇരയായതിന്റെ പാടുകൾ മകന്റെ ദേഹത്തുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

മധ്യപ്രദേശിലെ ഇന്ദോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശിശുക്ഷേമ സമിതി (സി.ഡബ്ല്യൂ.സി) പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്താണ് അക്രമത്തിന്റെ കാരണമെന്ന് അറിയില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സ്‌കൂൾ മാനേജ്മെന്റ് ഇതുവരെ തന്നിട്ടില്ലെന്നും എയ്റോഡ്രോം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

നവംബർ 24ന് ഇന്ദോറിലെ സ്വകാര്യസ്‌കൂളിലാണ് സംഭവം നടന്നതെന്ന് സി.ഡബ്ല്യൂ.സി ചെയർപേഴ്സൺ പല്ലവി പോർവാൾ പി.ടി.ഐയോട് പറഞ്ഞു. 'ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. സഹപാഠികൾ 108 തവണയാണ് കുട്ടിയെ കോമ്പസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ചെറുപ്രായത്തിൽതന്നെ കുട്ടികൾ അക്രമാസക്തരാവാൻ എന്താണ് കാരണമെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളേയും രക്ഷിതാക്കളെയും സി.ഡബ്ല്യൂ.സി കൗൺസിലിങിന് വിധേയരാക്കും. അക്രമാസക്തമായ രംഗങ്ങളടങ്ങിയ വീഡിയോഡെയിമുകൾ കുട്ടികൾ കളിക്കാറുണ്ടോയെന്ന് കണ്ടെത്തും'- സി.ഡബ്ല്യൂ.സി ചെയർപേഴ്സൺ വ്യക്തമാക്കി.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി അസി.പൊലീസ് കമീഷ്ണർ വിവേക് സിങ് ചൗഹാൻ അറിയിച്ചു. കുട്ടിയെ ആക്രമിച്ചവരെല്ലാം 10വയസിന് താഴെയുള്ളവരാണ്. അതിനാൽ, നിയമവ്യവസ്ഥകൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.