കൽപ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ വാരാമ്പറ്റ പുളിക്കൽ വീട്ടിൽ പി.എം. ജിഷ്ണു (23)വിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ യുവാവിൽ നിന്നും പൊലീസ് കണ്ടെടുത്തു. പഴയ വൈത്തിരി റോഡിന് സമീപം നടത്തിയ പരിശേധനക്കിടെയാണ് ഇയാളെ പിടികൂടിയത്.

ജിഷ്ണുവിന്റെ പക്കൽ നിന്നും 12.450 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. എസ്‌ഐ കെ.എം. സന്തോഷ്മോൻ, ഗ്രേഡ് എസ്‌ഐ എച്ച്. അഷ്റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. അതിനിടെ ഗുണ്ടാ ആക്റ്റിൽ തൃശൂരിൽ നിന്ന് നാടുകടത്തിയ പ്രതിയുൾപ്പെടെ മൂന്ന് പേർ എംഡിഎംഎയും കഞ്ചാവുമായി പാലക്കാട് ജില്ലയിലെ ആലത്തൂരിലും പിടിയിലായി.

തൃശൂർ സ്വദേശികളായ ചെറുവത്തേരി അറയ്ക്കൽ വീട്ടിൽ ലിതിൻ (31), ഒല്ലൂക്കര കാളത്തോട് കുണ്ടിൽ വീട്ടിൽ സജിത്ത് (31), വടുക്കര നെല്ലിശ്ശേരി വീട്ടിൽ റോയ് എന്ന വെള്ള റോയ് (42) എന്നിവരെയാണ് ആലത്തൂർ പൊലീസും പാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവരിൽനിന്ന് 17.7 ഗ്രാം എംഡിഎംഎയും 7.4 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ആലത്തൂരിൽ ഒരു സ്വകാര്യ ഹോട്ടൽ മുറിയിൽ വച്ചാണ് പ്രതികൾ പിടിയിലായത്.