ഭോപ്പാൽ: ഗ്വാളിയാറിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അഴുക്കുചാലിൽ തള്ളിയ കേസിൽ പ്രതികൾ പിടിയിൽ. കൊലപാതകം നടന്ന് 57 ദിവസങ്ങൾക്ക് ശേഷമാമ് പ്രതികളായ അച്ഛനും മകനും പിടിയിലായത്. സംഭവത്തിൽ നസീം ഖാനും പിതാവ് കല്ലുഖാനും ആണ് അറസ്റ്റിലായത്. പിതാവിനൊപ്പം ജോലി ചെയ്തിരുന്ന രാജു ഖാനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

കേസിൽ മകൻ നസീമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നസീം ഖാൻ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് പിതാവ് കല്ലുഖാനെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രാജുഖാൻ പിതാവ് കല്ലുഖാനൊപ്പം ജോലി ചെയ്തിരുന്ന ആളാണ്. കല്ലുംഖാനുമായുള്ള ബന്ധപ്പെട്ട മയക്കുമരുന്ന് കേസിനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ രാജുഖാൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഇതിനെ തുടർന്ന്, സെപ്റ്റംബർ 21ന് നസീമും രാജുഖാനുമായി ചില തർക്കങ്ങൾ ഉണ്ടായി. തുടർന്ന് ഇയാളെ പിതാവും മകനും ചേർന്ന് ഇരുമ്പ് കമ്പികൊണ്ട് കൊലപ്പെടുത്തി 16 കഷ്ണങ്ങളാക്കി അഴുക്കു ചാലിൽ തള്ളുകയായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. മൃതദേഹം മുറിക്കാനുപയോഗിച്ച കത്തിയടക്കമുള്ള മറ്റ് വസ്തുക്കൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജുഖാനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ അഴുക്കുചാലിൽ നിന്നും കണ്ടെത്തിയിരുന്നത്.