ന്യൂഡൽഹി: തമിഴ്‌നാട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഡോക്ടറിൽ നിന്നും 20 ലക്ഷം തട്ടിയെടുത്തുവെന്ന കേസിലാണ് ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ബിജെപിയുടെ താരപ്രചാരകർ വീണ്ടും പ്രതിസന്ധിയിലായെന്ന് ജയ്‌റാം രമേശ് പരിഹസിച്ചു.

നരേന്ദ്ര മോദി സർക്കാർ കേന്ദ്ര ഏജൻസികളുടെ സൽപ്പേര് കളങ്കപ്പെടുത്തുകയാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുകയാണ്. ഇത്തവണ ഇ.ഡിയുടെ പ്രവർത്തനം ഇടറിയിരിക്കുന്നത് തമിഴ്‌നാട്ടിലാണ്. രാജസ്ഥാനിൽ 15 ലക്ഷം കൈക്കൂലി വാങ്ങിയതിനാണ് ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ 20 ലക്ഷമാണ് ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതെന്നും ജയ്‌റാം രമേശ് പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയവയെ മോദി സർക്കാർ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷത്തെ തകർക്കാനാണ് അന്വേഷണ ഏജൻസികളെ മോദി സർക്കാർ ദുരുപയോഗം ചെയ്യുന്നതെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ തമിഴ്‌നാട്ടിൽ പിടികൂടിയിരുന്നു. എൻഫോഴ്സ്മെന്റ് ഓഫിസർ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാൾ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും സേവനമനുഷ്ഠിച്ചിച്ചിരുന്നു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അന്വേഷണം നേരിടുന്ന മധുരയ്ക്കടുത്ത ദിണ്ടിഗലിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറായ സുരേഷ് ബാബുവിൽനിന്നാണ് അങ്കിത് തിവാരി കൈക്കൂലി വാങ്ങിയത്.തിവാരിയിൽനിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തതായി തമിഴ്‌നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (ഡി.വി.എ.സി) വൃത്തങ്ങൾ അറിയിച്ചു. ഇയാൾ ജോലി ചെയ്യുന്ന മധുരയിലെ ഇ.ഡി ഓഫിസിലും ഇയാളുടെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി.