നാഗ്പൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 45 സീറ്റുകളിൽ ബിജെപി - ശിവസേന - എൻസിപി സഖ്യം വിജയം നേടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ബിജെപിയും ശിവസേനയും എൻസിപിയും ലോക്സഭ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും. ശേഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മൂന്ന് പാർട്ടികളും ഒന്നിച്ച് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷിൻഡേ.

വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുകളിലും മഹായൂതി സഖ്യം ഒന്നിച്ച് മത്സരിക്കും. ഒന്നിച്ച് മികച്ച നേട്ടവും കൈവരിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി കുറഞ്ഞത് സംസ്ഥാനത്തെ 45 സീറ്റുകളിൽ സഖ്യം വിജയം നേടും. ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

നിലവിൽ മഹാരാഷ്ട്രയിൽ നിന്നും 23 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 13 എംപിമാർ ശിവസേനയ്ക്കുമുണ്ട്. അജിത് പവാറിന്റെ എൻസിപിക്ക് ഒരു അംഗവും ലോക്സഭയിലുണ്ട്. എൻസിപി ശരദ് പവാർ പക്ഷം- 3, ഉദ്ദവ് സേന- 6, കോൺഗ്രസ് -1, എഐഎംഐഎം- 1 എന്നിങ്ങനെയാണ് മഹാരാഷ്ട്രയില് നിന്നും ലോക്സഭയിലുള്ള പ്രതിപക്ഷ കക്ഷിനില.