ബെംഗളൂരു: തെലങ്കാനയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ ബിആർഎസ് കോൺഗ്രസ് തരംഗത്തിൽ തകർന്നടിഞ്ഞതിന് പിന്നാലെ തോൽവിയിൽ പ്രതികരിച്ച് ബിആർഎസ് നേതാവ് കെ ടി രാമറാവു. തോൽവി അംഗീകരിക്കുന്നതായി കെ ടി രാമറാവു എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. തോൽവിയിലല്ല, കണക്കുകൂട്ടലുകൾ ശരിയായില്ല എന്നതിൽ ദുഃഖമുണ്ടെന്നും കെടിആർ പറഞ്ഞു. ഇത് പാഠമായുൾക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് കെടിആർ പറഞ്ഞു. വിജയത്തിൽ കോൺഗ്രസിന് അഭിനന്ദനമെന്നും ആശംസകളെന്നും കെടിആർ കുറിച്ചു. തുടർച്ചയായി രണ്ടു തവണ ബിആർഎസിന് ഭരണം നൽകിയ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും കെടിആർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിൽ ആദ്യമായാണ് ബിആർഎസ് നേതൃത്വം പ്രതികരിക്കുന്നത്.

തെലങ്കാനയിൽ വലിയ ഭരണമുറപ്പിച്ചുകൊണ്ട് കോൺഗ്രസ് മുന്നേറുമ്പോൾ സൂപ്പർസ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരൻ. രേവന്ത് റെഡ്ഡി മുന്നിൽനിന്നും നയിച്ച തെരഞ്ഞെടുപ്പിൽ കെസിആറിന്റെ ബിആർഎസിന് അടിതെറ്റുകയായിരുന്നു. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോൺഗ്രസിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയിൽ ഭരണം തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം. നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ജീവശ്വാസം നൽകുന്നതാണ് തെലങ്കാനയിലെ വിജയം.

കർണാടകയിലെ പാഠം ഉൾകൊണ്ട് കോൺഗ്രസ് നടത്തിയ പ്രചരണ തന്ത്രങ്ങൾക്കൊപ്പം രേവന്ത് റെഡ്ഡിയെന്ന ക്രൗഡ് പുള്ളറും കൂടി ചേർന്നതോടെ വിജയം എളുപ്പമായി. നിലവിലെ കണക്ക് പ്രകാരം 64 സീറ്റുകളിലാണ് തെലങ്കാനയിൽ കോൺഗ്രസ് മുന്നേറുന്നത്. ബിആർഎസ് 40 സീറ്റുകളിലും ബിജെപി 8 സീറ്റുകളിലും മറ്റുള്ളവർ ഏഴു സീറ്റുകളിലുമാണ് മുന്നേറുന്നത്. മൂന്നാം ടേം പ്രതീക്ഷിച്ചിരുന്ന കെസിആറിന്റെ നീക്കം അട്ടിമറിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുന്നത്. മധുരം വിതരണം ചെയ്തും റോഡ് ഷോ നടത്തിയും പടക്കം പൊട്ടിച്ചുമാണ് കോൺഗ്രസ് പ്രവർത്തകർ തെലങ്കാനയിലെ വിജയം ആഘോഷിക്കുന്നത്.