ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ബിജെപി നേടിയ മികച്ച വിജയത്തിന്റെ പ്രതിഫലനം പശ്ചിമ ബംഗാളിലും ഉണ്ടാവുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ചത്തീസ്ഗഢിലെ വിജയം ബിജെപിക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ''മോദി സുനാമി'' കാത്തിരിക്കുകയാണ് പശ്ചിമ ബംഗാൾ എന്നും അദ്ദേഹം പറഞ്ഞു.

''മികച്ച വിജയത്തിന് ബിജെപിയെ പിന്തുണച്ച ചത്തീസ്ഗഢിലെ ബംഗാളി സമൂഹത്തിന് നന്ദിപറയുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പ്രതിഫലനം പശ്ചിമ ബംഗാളിലും ഒഡീഷയിലും ഉണ്ടാവും. ബംഗാളിലെ അഴിമതിയും കുടുംബവാഴ്ചയും നിറഞ്ഞ ഭരണം ജനങ്ങൾ അവസാനിപ്പിക്കും.

ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി. അധികാരത്തിലേക്ക് കുതിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ചത്തീസ്ഗഢിലെ വിജയം ബിജെപിക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നു. മൂന്നുസംസ്ഥാനങ്ങളിലെ ഗംഭീരവിജയം പശ്ചിമബംഗാളിലെ ബിജെപി പ്രവർത്തകർ ആഘോഷിക്കും'', സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി. വൻ മുന്നേറ്റം സൃഷ്ടിക്കുമ്പോൾ അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്‌ഗഢും കൈവിട്ടു. തെലങ്കാനയിലെ കുതിപ്പ് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ളത്. മധ്യപ്രദേശിൽ അധികാരത്തുടർച്ച ഉറപ്പിച്ച ബിജെപി. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും ഭരണം ഉറപ്പിച്ചുകഴിഞ്ഞു.