ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലുണ്ടായ പേമാരിയിൽ ചെന്നൈ നഗരത്തിലടക്കമുണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി നടൻ വിശാൽ. ചെന്നൈയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കൃത്യമായ മാർഗം തേടാത്തത് വളരെ മോശവും സങ്കടകരമായ കാര്യവുമാണെന്ന് അദ്ദേഹം എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു. ചെന്നൈ മേയർ പ്രിയാ രാജൻ, കമ്മീഷണർ അടക്കമുള്ള ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശാൽ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചെന്നൈ മേയർ പ്രിയാ രാജൻ, കമ്മീഷണർ ഉൾപ്പെടെയുള്ള ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെല്ലാവരും കുടുംബങ്ങൾക്കൊപ്പം സുരക്ഷിതസ്ഥാനത്തായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാൽ കുറിപ്പ് തുടങ്ങുന്നത്. നിങ്ങളുടെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ലെന്നും വൈദ്യുതിയും ആവശ്യത്തിന് ഭക്ഷണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുള്ള അതേ അവസ്ഥയിലല്ല മറ്റുള്ളവരെന്ന് ഇതേ നഗരത്തിൽ ജീവിക്കുന്ന പൗരനായ വോട്ടറെന്ന നിലയിൽ പറയുകയാണെന്നും വിശാൽ വ്യക്തമാക്കി.

'എല്ലാവർക്കും അറിയുന്ന വിഷയമാണ്. മഴ പെയ്താൽ ആദ്യം കറന്റ് പോകും. പിന്നാലെ പതിയെപ്പതിയെ റോഡിലെല്ലാം വെള്ളംകയറാൻ തുടങ്ങും. ശേഷം വെള്ളം വീടിനുള്ളിലേക്ക് കയറും. താൻ താമസിക്കുന്ന അണ്ണാനഗറിലെ വീടിനുള്ളിൽ ഒരടിയിലേറെ വെള്ളം കയറിയിട്ടുണ്ട്. അണ്ണാനഗറിൽ ഇങ്ങനെയാണെങ്കിൽ മറ്റുള്ള ഭാഗത്തെല്ലാം എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചുനോക്കൂ. 2015-ൽ ചെന്നൈ വെള്ളത്തിൽ മുങ്ങിയപ്പോൾ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു. എട്ടുവർഷങ്ങൾക്കുശേഷം അതിലും മോശമായ അവസ്ഥയാണ്.' വിശാൽ പറഞ്ഞു.



സ്റ്റോം വാട്ടർ ഡ്രെയിൻ പ്രോജക്റ്റ് എവിടെപ്പോയെന്നും താരം ചോദിച്ചു. പ്രശ്‌നപരിഹാരത്തിന് എംഎ‍ൽഎമാർ മുന്നിട്ടിറങ്ങിയാൽ പൊതുജനങ്ങൾക്ക് അതൊരു സഹായമായിരിക്കും. എല്ലായിടത്തും വെള്ളംകയറുക എന്നുപറയുന്നത് സങ്കടകരവും മോശവുമാണ്. ഇങ്ങനെയൊരു കത്തെഴുതേണ്ടിവന്നതിൽ നാണക്കേടുകൊണ്ട് തല കുനിയുകയാണ്. പൗരന്മാരോടുള്ള കടമ ചെയ്യുമെന്നല്ലാതെ അദ്ഭുതമൊന്നും അധികാരികളിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.