ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി നടന്മാരായ സൂര്യയും കാർത്തിയും. ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്തുലക്ഷം രൂപ സംഭാവനയായി നൽകി. ഇരുവരുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളപ്പൊക്കം ഏറെ ദുരിതംവിതച്ച ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സഹായം ലഭിക്കുക. ഫാൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇരുതാരങ്ങളും സഹായം എത്തിക്കുക.

പ്രളയത്തെത്തുടർന്ന് ചെന്നൈയിൽ മരണം എട്ടായി. വെള്ളക്കെട്ടിനെത്തുടർന്ന് 17 സബ്വേകൾ അടച്ചതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളിൽ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു.

മിഷോങ് ചുഴലിക്കാറ്റിനെത്തുർന്ന് പെയ്ത കനത്തമഴയിൽ ചെന്നൈ നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയിൽനിന്ന് 90 കിലോമീറ്റർ അകലെവച്ചാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു.