ശ്രീനഗർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്കുണ്ടായ വിജയം ഇന്ത്യ മുന്നണിയുടെ പരാജയമല്ലെന്നും കോൺഗ്രസിന്റെ പരാജയമാണെന്നും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല. ''ഇന്ത്യ മുന്നണി പരാജയപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരുപരിധി വരെ പരാജയമായിരുന്നു, അതിന്റെ കാരണവും കോൺഗ്രസിന് വ്യക്തമായറിയാം'' ഒമർ അബ്ദുല്ല പറഞ്ഞു

''തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാർട്ടികൾ നേരിട്ടതു സഖ്യമായിട്ടായിരുന്നില്ല. പാർട്ടികൾ ഒറ്റയ്ക്കാണു മത്സരിച്ചത്. കോൺഗ്രസ്, എസ്‌പി, എഎപി തുടങ്ങി ഓരോ പാർട്ടികളിൽനിന്നും സ്ഥാനാർത്ഥികൾ മത്സരിച്ചു. സഖ്യമായിട്ടു മത്സരിക്കാത്തതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കുണ്ടായ പരാജയം ഇന്ത്യാ മുന്നണിയുടെ പരാജയമായി കണക്കാക്കുന്നില്ല'' ഒമർ അബ്ദുല്ല വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലെന്നാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി വിശേഷിപ്പിച്ചത്. പൊതുതിരഞ്ഞെടുപ്പിനെ ഫലം ബാധിക്കില്ലെന്നാണു പരാജയപ്പെട്ടാൽ അവർ പറയുക, ജയിച്ചാൽ നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും വിജയമായിട്ടും ഉയർത്തിക്കാട്ടുമെന്നും ഒമർ അബ്ദുല്ല പറഞ്ഞു.