മംഗളൂരു: കാറിൽ കടത്തിയ മയക്കുമരുന്നുകൾ ഇടപാടുകാർക്ക് കൈമാറാനുള്ള ശ്രമത്തിനിടെ രണ്ട് യുവാക്കളെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തു. 3,70,050 രൂപയും പിടിച്ചെടുത്തു. മംഗളൂരു സ്വദേശികളായ ശിശിർ ദേവഡിഗ(31),എൽ.സുശാൽ(27) എന്നിവരാണ് അറസ്റ്റിലായത്.

ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെർമണ്ണൂർ ഗ്രാമപഞ്ചായത്തിലെ സന്തോഷ് നഗറിൽ പാതയോരത്ത് നിറുത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിൽ ഇരുന്ന് ഇടപാടുകാരെ തേടുന്നതായി വിവരം ലഭിച്ചാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.132 ഗ്രാം എം.ഡി.എം.എ,250 ഗ്രാം എൽ.എസ്.ഡി എന്നിവ കാറിൽ കണ്ടെത്തി.

കത്തി,വാൾ, അളവ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാളിന്റെ നിർദേശത്തിൽ ഉള്ളാൾ ഇൻസ്‌പെക്ടർ ധന്യ നായ്ക്, ലഹരി വിരുദ്ധ സേനയിലെ പുനീത് ഗൗൺകർ, സന്തോഷ് കുമാർ,സാജു നായർ, മഹേഷ് കുമാർ,കെ.അക്‌ബർ എന്നിവരാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.