പട്‌ന: പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിൽ ഭിന്നതയെന്ന റിപ്പോർട്ടുകൾക്കിടെ നേതൃയോഗം 17നു ചേരുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് അറിയിച്ചു. ബുധനാഴ്ച ചേരാനിരുന്ന മുന്നണി യോഗം ഘടകകക്ഷി നേതാക്കളുടെ അസൗകര്യം പരിഗണിച്ചാണു മാറ്റിയതെന്ന് ലാലു പറഞ്ഞു.

ആർജെഡിയെ പ്രതിനിധീകരിച്ച് ലാലുവും തേജസ്വി യാദവും യോഗത്തിൽ പങ്കെടുക്കാനിരുന്നതാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ രോഗബാധിതനായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും അസൗകര്യം അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് 'ഇന്ത്യ' മുന്നണിയുടെ അടുത്ത യോഗം. ലോക്‌സഭാ സീറ്റു വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രാദേശിക കക്ഷികളുടെ സമ്മർദ്ദത്തിനു വഴങ്ങാൻ കോൺഗ്രസിനെ നിർബന്ധിതമാക്കുന്ന സാഹചര്യമാണുള്ളത്.